
തിരുവനന്തപുരം: പരിസ്ഥിതിക്ക് ദോഷകരമായയെല്ലാം ഒഴിവാക്കി ഹരിത ചട്ടം പാലിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന അഭ്യർഥനയുമായി വാഹനങ്ങൾ തെക്കുവടക്ക് പായുന്നു. എന്നാൽ പ്രചാരണവാഹനവും വാഹനത്തിന് മുകളിലെ ജനറേറ്ററും പ്രവർത്തിക്കുന്നത് ഹരിതചട്ടം പാലിച്ചാണോ..? ഈ ചോദ്യത്തിൽ നിന്നാണ് കാർബൺ ന്യൂട്രൽ കാംപെയ്ൻ വെഹിക്കിൾ' എന്ന ആശയത്തിലേക്ക് യുവ എൻജിനിയർ ആയ ശ്യാംകുമാർ നടന്നടുത്തത്. ഇന്ധനങ്ങൾ ഒഴിവാക്കുന്നത് വഴി തെരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കാനും പരിസ്ഥിതിക്ക് അനുയോജ്യമായ തരത്തിലുള്ള പ്രചാരണം നടത്താനും കഴിയുമെന്നതിനാൽ ശുചിത്വമിഷനുമായി ചേർന്ന് പുതിയ ക്യാംപെയ്നും ഇദ്ദേഹം പദ്ധതിയിടുന്നു.
സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന ഗ്രീൻ അനൗൺസ്‌മെന്‍റ് സിസ്റ്റം എന്ന പുതിയ സംവിധാനം ആണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. ഇലക്ട്രിക് ഓട്ടോയിൽ ഘടിപ്പിക്കാൻകഴിയുന്ന സ്പീക്കർ, ആംപ്ലിഫയർ, സോളാർ പാനൽ, ചാർജിങ് യൂണിറ്റ്, ബാറ്ററി എന്നിവ അടങ്ങുന്നതാണ് ഗ്രീൻ അനൗൺസ്‌മെന്‍റ് സിസ്റ്റം.സോളാർ പാനൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിവഴി മൈക്ക് സെറ്റ്, ആംപ്ലിഫയർ എന്നിവ പ്രവർത്തിപ്പിക്കാം. സാധാരണ പാനൽ എന്നത് മാറി ഓട്ടോയുടെ മുകളിൽ ഒട്ടിച്ച് വയ്ക്കാൻ കഴിയുന്ന തരത്തിലാണ് ഇതിന്‍റെ സോളാർ സംവിധാനം. അന്തരീക്ഷമലിനീകരണം തടയാമെന്നതും പ്രകൃതി സൗഹൃദമാണെന്നതുമാണ് പുതിയ സംവിധാനത്തിന്‍റെ നേട്ടമെന്ന് ശ്യാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വെയിലുള്ള സമയങ്ങളിൽ നേരിട്ടും അല്ലാത്തപ്പോൾ ബാറ്ററിയിൽ ശേഖരിച്ചുവെക്കുന്ന വൈദ്യുതി ഉപയോഗിച്ചുമാണ് പ്രവർത്തനം. പത്തുമണിക്കൂർ വരെ വൈദ്യുതി സംഭരിച്ചുവെക്കാൻ കഴിയും.
നിലവിലെ ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് അനുയോജ്യമായതരത്തിലാണ് രൂപകല്പന. പെട്ടി ഓട്ടോയിലേക്കടക്കം മാറ്റാനും കഴിയും. വാഹനം പ്രവർത്തിപ്പിക്കാൻ ഒരാൾമാത്രം മതിയാകും. സംവിധാനത്തിന്‍റെ മാതൃകാ രൂപമാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. ഐ.എക്‌സ് ഗ്രീൻ എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറായ ശ്യാമിന്‍റെ സോളാർ എനർജി മേഖലയിൽ വർഷങ്ങളുടെ അധ്യാപന പരിചയവും സർക്കാർ പദ്ധതികളിലെ സഹകരണവും ക്യാംപെയ്ന് നേട്ടമാകും. തലസ്ഥാനത്ത് ട്രിവാൻഡ്രം എൻജിനിയറിങ് സയൻസ് ആൻഡ് ടെക്‌നോളജി റിസർച്ച് പാർക്കിനുള്ളിലാണ് ശ്യാംകുമാറിന്‍റെ സ്ഥാപനം പ്രവർത്തിക്കുന്നത്. 2050 ഓടെ ഡീസലിനും പെട്രോളിനുമെല്ലാം വിട നൽകി ഭാവിയിൽവരുന്ന തെരഞ്ഞെടുപ്പുകളിൽ പദ്ധതി പൂർണതോതിൽ പ്രാവർത്തികമാകുമെന്നും ശ്യാംകുമാർ പറയുന്നു. നിർമാണത്തിലുപരിയായി പരിസ്ഥിതി സൗഹൃദമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ബോധവത്കരണ ക്യാംപെയ്നാണ് ശുചിത്വമിഷനുമായി ചേർന്ന് നടത്താൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ മോഡൽ ഓട്ടോറിക്ഷകളിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന സംവിധാനത്തിന് ഒരു ലക്ഷം രൂപയോളമാണ് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam