'റവന്യൂ വകുപ്പില്‍ ശിക്ഷിക്കപ്പെടേണ്ടവരുണ്ട്, സ്ഥലംമാറ്റം ശിക്ഷാ നടപടിയല്ല': ഇ ചന്ദ്രശേഖരന്‍

By Web TeamFirst Published Dec 9, 2019, 6:34 PM IST
Highlights

സ്ഥലംമാറ്റവും സസ്പെന്‍ഷനും ശിക്ഷാനടപടിയല്ലെന്നും എന്നാല്‍ റവന്യൂ വകുപ്പില്‍ ശിക്ഷിക്കപ്പെടേണ്ടവരുണ്ടെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍. 

ഇടുക്കി: സ്ഥലംമാറ്റവും സസ്പെൻഷനും ശിക്ഷാ നടപടികളല്ലെങ്കിലും റവന്യൂ വകുപ്പിൽ ശിക്ഷിക്കപ്പെടേണ്ടവർ ഉണ്ടെന്നും റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ. ഇടുക്കി ജില്ലയിൽ 25 ശതമാനം ജീവനക്കാർ മാത്രമാണ് സ്വദേശികൾ ബാക്കിയുള്ളവർ മറ്റ് ജില്ലകളിൽ നിന്നും ജോലിക്കെത്തിയവരാണ്. ശിക്ഷാ നടപടികളുടെ ഭാഗമായല്ല അവരെ ജില്ലയിൽ ജോലിക്ക് നിയോഗിക്കുന്നത്. മറിച്ച് അവരിൽ നിക്ഷിപ്തമായ ജനോപകാരമായ ജോലികൾ പൂർത്തീകരിക്കുന്നതിനാണെന്ന് ഓര്‍മ്മിക്കണമെന്നും അതേസമയം റവന്യു വകുപ്പിൽ ശിക്ഷിക്കപ്പെടേണ്ടവർ ഉണ്ടെന്നും മന്ത്രി പറഞ്ഞു. ദേവികുളം താലൂക്ക് ഒഫീസിന്റ നവീകരിച്ച പൈതൃക മന്ദിരത്തിന്റെയും കെഡിഎച്ച്, മാങ്കുളം, മറയൂർ, കാന്തല്ലൂർ, കീഴാന്തല്ലൂർ വില്ലേജുകളിലെ ജീവനക്കാർക്കായി പണി കഴിപ്പിച്ച ക്വാർട്ടേഴ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

നാലിടത്ത് സിവിൽ സ്റ്റേഷനുകൾ നിലവിൽ വന്നിട്ടുണ്ട്. സിവില്‍ സ്റ്റേഷന്‍ ഇല്ലാത്ത ഒരിടത്ത് സർക്കാർ സേവനം സുഗമമാക്കാൻ സിവിൽ സ്റ്റേഷൻ യഥാർത്ഥ്യമാക്കും. കെഡിഎച്ച് ആക്ട് പ്രകാരം ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളുടെ പ്രശ്നങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിശോധനയിലൂടെയും നിയമപരമായ ചർച്ചകളിലൂടെയും പരിഹരിക്കുമെന്നും ഇ ചന്ദ്രശേഖരന്‍ കൂട്ടിച്ചര്‍ത്തു. ചടങ്ങിൽ വൈദ്യുതി മന്ത്രി എം എം മണി അധ്യക്ഷനായിരുന്നു. ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ എച്ച് ദിനേശൻ സ്വാഗതം പറഞ്ഞു. ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണണൻ, വിവിധ രാഷ്ട്രീയ സമൂഹിക പ്രവർത്തകർ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

click me!