
ആലപ്പുഴ: അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ മകൻ അറസ്റ്റിൽ. വാടയ്ക്കൽ വട്ടത്തിൽ ക്ലീറ്റസിന്‍റെ ഭാര്യ ഫിലോമിനയെ (65) കൊന്നകേസിൽ മകൻ സുനീഷാണ്(37) അറസ്റ്റിലായത്. ഈമാസം അഞ്ചിന് രാത്രി 8.30നായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യപിച്ചെത്തിയ സുനീഷ് അമ്മയുമായി വഴക്കിട്ടശേഷം വീടുപണിക്കായി ഉപയോഗിച്ചിരുന്ന ഉലക്കയുടെ മുറിച്ച കഷ്ണമെടുത്ത് തലക്കടിക്കുകയായിരുന്നുവെന്ന്പൊലീസിന് മൊഴി നൽകി.
എന്നാൽ, അടുക്കയിലെ ജോലിക്കിടെ സാധനം എടുക്കുന്നതിനിടെ കൊരണ്ടിപ്പലക തലയിൽവീണ്ഗുരുതരപരിക്കേറ്റതായാണ്ബന്ധുക്കൾ പൊലീസിനോട് പറഞ്ഞിരുന്നത്. അബോധാവസ്ഥയിലായ ഇവരെ അയൽവാസികൾ ചേർന്ന് ആദ്യം സഹകരണആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽകോളജ് ആശുപത്രിയിലും പ്രവേശിപ്പിപ്പിച്ചെങ്കിലും ഈമാസം 12ന് മരിക്കുകയായിരുന്നു. വീട്ടിലുണ്ടായ അപകടത്തിൽ തലക്ക് പരിക്കേറ്റുവെന്ന ബന്ധുക്കളിലെ ചിലരുടെ വാദത്തിൽ ചികിത്സിച്ച ഡോക്ടറടക്കം സംശയംപ്രകടിപ്പിച്ചിരുന്നു.
തുടർന്ന് അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സംസ്കാരചടങ്ങുമായി ബന്ധപ്പെട്ട് കൂടുതൽപേരെ ചോദ്യംചെയ്തതോടെയാണ് പൊലീസിന് കൊലപാതകമാണെന്ന സൂചന ലഭിച്ചത്. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്പെഷൽ ബ്രാഞ്ച്നടത്തിയ അന്വേഷണത്തിലും കൊലപാതകമാണെന്ന് സംശയിക്കുന്നതായി റിപ്പോർട്ട് നൽകിയിരുന്നു.
തലയിൽ ശക്തമായി അടിയേറ്റതായും ആഴമുള്ള മുറിവാണ് മരണകാരണമെന്നുമായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ സുനീഷ് ഒളിവിൽ പോയി. പിന്നീട് വെള്ളിയാഴ്ച സൗത്ത് പൊലീസിൽ കീഴടങ്ങുകയായിരുന്നു. കൊലപാതകം മറച്ചുവെച്ചക്കാൻ ശ്രമിച്ച ബന്ധുക്കൾക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
സൗത്ത് സി.ഐ എസ്.സനൽ, എസ്.ഐ കെ.ആർ.ബിജു, എ.എസ്.ഐ ആർ.മോഹൻകുമാർ, ശരത് ചന്ദ്രൻ, സി.പി.ഒമാരായ വി.പി.അരുൺകുമാർ, റോബിൻസൺ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam