
ചേർപ്പ്: തൃശ്ശൂരിലെ ചേർപ്പില്‍ കോടന്നൂരിനടുത്ത് മകന്‍ അച്ഛനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ആര്യംപാടം ചിറമ്മൽ ജോയ്(60) ആണ് കൊല്ലപ്പെട്ടത്. മകൻ റിജോ(25)യെ ചേർപ്പ് പൊലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് കൊലപാതകം നടന്നത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന റിജോയെ ഉറക്കത്തിൽനിന്ന് വിളിച്ചുണർത്താത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
പ്രതി മദ്യലഹരിയിലെന്ന് പൊലീസ് പറഞ്ഞു. സ്ഥിരമായി മദ്യപിക്കുന്ന റിജോ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വീട്ടിലെത്തി ഉറങ്ങി. നേരം വൈകിയിട്ടും തന്നെ വിളിച്ച് ഉണർത്തിയില്ലെന്ന കാരണം പറഞ്ഞ് റിജോ പിതാവ് ജോയിയുമായി തർക്കത്തിലായി. വാക്കേറ്റത്തിനിടെ പ്രകോപിതനായ റിജോ പിതാവിനെ ഇടിച്ച് താഴെയിടുകയും തലപിടിച്ച് നിലത്തിടിക്കുകയും ചെയ്തുവെന്നാണ് വിവരം. തലയ്ക്ക് ഗുരുതര പരിക്കേറ്റ ജോയിയെ തൃശ്ശൂർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അച്ഛനെ മർദിച്ച വിവരം മകന്‍ തന്നെയാണ് പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam