
തിരുവനന്തപുരം: വിധവയും വൃദ്ധയുമായ അമ്മയെ പുറത്താക്കി ഹയർ സെക്കന്‍ററി സ്കൂൾ അധ്യാപകനായ മകൻ വീട് പൂട്ടി സ്ഥലം വിട്ടു. ഇതേ തുടര്‍ന്ന് വീട്ടുവരാന്തയിലാണ് ആ അമ്മ ഇന്ന് ജീവിതം തള്ളി നീക്കുന്നത്. അമ്മ നൽകിയ പരാതിയിൽ മകനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു. വിഴിഞ്ഞം ഉച്ചക്കട പുലിവിളയിൽ ആർ സി ഭവനിൽ ചന്ദ്രികയാണ് മകനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ചന്ദ്രികയ്ക്ക് മൂന്ന് മക്കളാണ് ഉള്ളത്. മകൾ വിവാഹിതയായതിനെ തുടർന്ന് ദൂര സ്ഥലത്താണ് താമസം. ഭർത്താവ് മരിച്ചശേഷം ഹയർ സെക്കന്‍ററി സ്കൂൾ അധ്യാപകനായ മകനോടൊപ്പമായിരുന്നു ചന്ദ്രിക താമസിച്ചിരുന്നത്. ഇവരുടെ മൂത്തമകള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. ഭർത്താവിന്‍റെ മരണശേഷം ചന്ദ്രിക 40 സെന്‍റ് ഭൂമിയും അതിലുള്ള ഇരുനില കെട്ടിടവും ഇളയ മകന് ഇഷ്ടദാനമായി നൽകിയതോടെയാണ് ഇവരുടെ ദുർഗ്ഗതി തുടങ്ങിയതെന്ന് പൊലീസില്‍ നല്‍കിയ പരാതിയിൽ പറയുന്നു.
അധ്യാപകനായ മകൻ ഈ വസ്തുവും വീടും ഭാര്യയുടെ പേരിൽ വിലയാധാരം ചെയ്തശേഷം അമ്മയെ വീട്ടിൽ നിന്നും പുറത്താക്കി വീടുപൂട്ടി സ്ഥലം വിടുകയായിരുന്നു. ഇയാൾ മറ്റെവിടെയോ മാറി താമസിക്കുയാണെന്നാണ് ഇവർ പറയുന്നത്. ഒറ്റയ്ക്കായ വൃദ്ധ മാതാവ് ഇരുനിലവീടിന്‍റെ വരാന്തയിലാണ് ഇപ്പോള്‍ ഊണും ഉറക്കവും. വല്ലപ്പോഴും കാർഷെഡിൽ വച്ച് കഞ്ഞി ഉണ്ടാക്കും. ആരും ആശ്രയമില്ലാതെ വീടിന്‍റെ വരാന്തയിൽ ഒറ്റക്ക് കഴിയാൻ ഭയമാണന്നും മറ്റ് മാർഗ്ഗമില്ലാത്തത് കാരണമാണ് ഇവിടെ കഴിയുന്നതെന്നുമാണ് ഇവർ പറയുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam