
വൈപ്പിൻ: വെർച്വൽ അറസ്റ്റ് ചെയ്‌തെന്ന് ഭീഷണിപ്പെടുത്തി കസ്റ്റമറുടെ പക്കൽനിന്നും പണം തട്ടാൻ ശ്രമിച്ച ഉത്തരേന്ത്യൻ സംഘത്തിന്റെ നീക്കത്തെ സമർത്ഥമായി പൊളിച്ചടുക്കി സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാർ. സൗത്ത് ഇന്ത്യൻ ബാങ്ക് വൈപ്പിൻ ബ്രാഞ്ചിലാണ് സംഭവം.
ഉച്ചയോടുകൂടി അക്കൗണ്ട് ഉടമസ്ഥനായ മുതിർന്ന പൗരൻ ബാങ്കിനുള്ളിലേക്ക് കയറുകയും അധികമാരോടും സംസാരിക്കാതെ തന്റെ അക്കൗണ്ടിലുള്ള നാലര ലക്ഷം രൂപ ആർടിജിഎസ് ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു. വിവരങ്ങളെല്ലാം നൽകിയതിന് ശേഷം മുതിർന്ന പൗരൻ തിരികെ പോയി. ഇടപാടുകാരന്റെ അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട ബ്രാഞ്ച് മാനേജർ റെസ്വിൻ ആർ നാഥ് പണമയക്കേണ്ട അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുകയായിരുന്നു. ഉത്തരേന്ത്യയിലുള്ള അക്കൗണ്ട് ആണെന്ന് മനസിലാക്കിയ മാനേജർ പുറത്തു ഭയപ്പാടോടെ നിൽക്കുകയായിരുന്ന ഇടപാടുകാരനിൽ നിന്നും വിവരങ്ങൾ തിരക്കി.
രാവിലെ 9 മണി മുതൽ ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും നിയമനടപടികളിൽനിന്നും രക്ഷനേടണമെങ്കിൽ പണമയക്കണമെന്നും തട്ടിപ്പ് സംഘം അറിയിച്ചതിനെത്തുടർന്നാണ് മുതിർന്ന പൗരൻ ബാങ്കിലെത്തിയത്. ഡിജിറ്റൽ അറസ്റ്റ് ചെയ്‌തെന്ന വിവരം പുറത്തു പറയരുതെന്നും സംഘം ഭീഷണിപ്പെടുത്തി. പരിഭ്രാന്തനായ ഇടപാടുകാരനെ ആശ്വസിപ്പിച്ച മാനേജർ റെസ്വിൻ ആർ നാഥ്, നടന്നത് ഒരു സൈബർ തട്ടിപ്പ് ശ്രമമാണെന്നും സംഘത്തെ കൃത്യമായി പ്രതിരോധിക്കാമെന്നും ബോധ്യപ്പെടുത്തി. തുടർന്ന്, വിശദമായ പരാതി സൈബർ സെല്ലിനും കേന്ദ്രീകൃത സംവിധാനമായ 1930 എന്ന നമ്പറിലേക്കും നൽകി. ഇടപാടുകാരന്റെ അക്കൗണ്ട് വിവരങ്ങൾ ഇ-ലോക്ക് ചെയ്തതായി സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതർ അറിയിച്ചു. നേരത്തെ, മറ്റൊരു ബാങ്കിലുണ്ടായിരുന്ന 78000 രൂപ തട്ടിപ്പ് സംഘം കൈക്കലാക്കിയിരുന്നു. ഇതിനെതിരെ പരാതി നൽകാനും സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാർ ഇടപാടുകാരനെ സഹായിച്ചു. മാനേജരുടെ സമയോചിത ഇടപെടലിൽ കൂടുതൽ തുക നഷ്ടപെടാത്തതിന്റെ ആശ്വാസത്തിലാണ് ഇടപാടുകാരൻ ബാങ്കിൽ നിന്നും ഇറങ്ങിയത്.
ഡിജിറ്റൽ അറസ്റ്റ്, വെർച്വൽ അറസ്റ്റ്, സൈബർ അറസ്റ്റ് എന്നിങ്ങനെ ഭീഷണിപ്പെടുത്തി വരുന്ന കോളുകളോട് പ്രതികരിക്കരുതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. സമചിത്തത വീണ്ടെടുത്ത്, കൃത്യമായ ഇടങ്ങളിൽ പരാതി നൽകിയാൽ ഇത്തരം സംഘങ്ങളെ ഒരുപരിധിവരെ പ്രതിരോധിക്കാം. പ്രായമായ ആളുകളാണ് ഇത്തരം ചതിക്കുഴിയിൽ അകപ്പെടുന്നതെന്നും തട്ടിപ്പിനെതിരെ വലിയ ബോധവൽക്കരണം ആവശ്യമാണെന്നും ബാങ്ക് അധികൃതർ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam