കായിക രംഗത്ത് മാത്രമല്ല പ്രതാപന്‍ സാറിന് ജൈവ പച്ചക്കറി കൃഷിയിലും നൂറുമേനി

By Web TeamFirst Published Mar 4, 2019, 9:06 PM IST
Highlights

കഴിഞ്ഞ വര്‍ഷം അമ്പത് ക്വിന്റല്‍ പച്ചക്കറി ഉല്പാദിപ്പിച്ചു. ഇക്കൊല്ലം നൂറ് ക്വിന്റല്‍ പച്ചക്കറി ഉല്പാദിപ്പിച്ചു. വിളവെടുപ്പ് തുടരുകയാണ്

കഞ്ഞിക്കുഴി: കര്‍ഷക വേഷത്തിലും പ്രതാപന്‍ സാറിന് താരതിളക്കം. കായിക രംഗത്ത് താരങ്ങളെ വാര്‍ത്തെടുത്ത കെ കെ പ്രതാപന്‍ സാറിന്  ജൈവ പച്ചക്കറി കൃഷിയിലും നൂറുമേനി. ചാരമംഗലം ഗവ ഡി വി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും വിരമിച്ച ഉടന്‍ തന്നെ പ്രതാപന്‍ സാര്‍ കര്‍ഷകന്റെ വേഷമാണ് തിരഞ്ഞെടുത്തത്. കഞ്ഞിക്കുഴി രണ്ടാം വാര്‍ഡില്‍ ഒന്നര ഏക്കര്‍ തരിശ് ഭൂമിയാണ് പ്രതാപന്‍ സാര്‍ ഹരിതാഭമാക്കിയത്.

നാനൂറ് ചുവട് പയര്‍, ഇരുന്നൂറ് ചുവട് തക്കാളി, അമ്പത് ചുവട് മുള്ളന്‍വെളളരി, ഇരുന്നൂറ്റി അന്‍പത് ചുവട് പച്ചമുളക്, നൂറ് ചുവട് വെണ്ട, അമ്പത് ചുവട് പടവലം, അറുപത് ചുവട് പീച്ചില്‍ എന്നിവയക്ക് പുറമേ കോവല്‍, വാഴ, ചേമ്പ് തോട്ടവും ഹരിതശോഭ പകരുന്നു. കഴിഞ്ഞ വര്‍ഷമാണ് പ്രതാപന്‍ സാര്‍ കാര്‍ഷിക രംഗത്തേക്ക് ഇറങ്ങിയത്. കഴിഞ്ഞ വര്‍ഷം അമ്പത് ക്വിന്റല്‍ പച്ചക്കറി ഉല്പാദിപ്പിച്ചു. ഇക്കൊല്ലം നൂറ് ക്വിന്റല്‍ പച്ചക്കറി ഉല്പാദിപ്പിച്ചു. വിളവെടുപ്പ് തുടരുകയാണ്.

ഓണം, മണ്ഡലകാലം, വേനല്‍ക്കാലം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് കൃഷി. പരമ്പരാഗത കൃഷി രീതിയ്‌ക്കൊപ്പം ഇറ്റാലിയന്‍ രീതിയില്‍ കൃത്യത കൃഷിയും അവലംബിക്കുന്നുണ്ട്. വേപ്പിന്‍ പിണ്ണാക്ക്, കുമ്മായം, ചാണകം, കോഴിവളം എന്നിവയാണ് വളം. വേപ്പെണ്ണ, ഗോമൂത്രം, മത്തി, ശര്‍ക്കര മിശ്രിതം എന്നിവയാണ് കീടനിയന്തണത്തിന് ഉപയോഗിക്കുന്നത്. വിരമിച്ചശേഷവും കായിക പരിശീലന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രതാപന്‍ സര്‍ കൃഷിക്ക് വേണ്ടി പ്രത്യേകസമയം കണ്ടെത്തും.

അത്‌ലറ്റിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം എന്നി ചുമതലകള്‍ വഹിക്കുന്ന പ്രതാപന്‍ സാര്‍ ദിവസത്തില്‍ ഏഴ് മണിക്കൂറാണ് കൃഷിക്കായി ചിലവഴിക്കുന്നത്. സഹായത്തിന് സമൂഹിക ക്ഷേമ വകുപ്പില്‍ സൂപ്രവൈസറായി വിരമിച്ച ഭാര്യ പി എസ് രാധ ഉണ്ടാകും. സ്വന്തമായി അധികം സ്ഥലമില്ലാത്ത പ്രതാപന്‍ സാറിന് ബാബുമോന്‍ അമൃതാബില്‍ഡേഴ്‌സാണ് ഒന്നര ഏക്കര്‍ സ്ഥലം വാടകപോലും വാങ്ങാതെ കൃഷി ചെയ്യാന്‍ വിട്ട് നല്‍കിയത്. കൃഷി വകുപ്പിന്റെ പച്ചക്കറി ക്ലസ്റ്ററുകള്‍ വഴിയാണ് വിപണനം.

click me!