
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ റിട്ട. ഡിജിപി ആര്‍ ശ്രീലേഖക്ക് ജയം. ശാസ്തമംഗലം വാർഡിൽ നിന്നാണ് എൻഡിഎ സ്ഥാനാർഥിയായ ശ്രീലേഖ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയായ അമൃതയെ തോൽപ്പിച്ചാണ് ശ്രീലേഖ ജയിച്ചത്. ശ്രീലേഖ 1774 വോട്ട് നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍ അമൃത 1066 വോട്ട് നേടി. 708 വോട്ടിന്‍റെ വോട്ടിന്‍റെ ഭൂരിപക്ഷമാണ് നേടിയത്. യുഡിഎഫ് സ്ഥാനാര്‍ഥി സരളാ റാണി 751 വോട്ട് നേടി. റിട്ടയേർഡ് ഡിജിപിയും കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിവാദത്തിൽപ്പെട്ടിരുന്നു. പ്രചാരണത്തിനിടെ പേരിനൊപ്പം ‘ഐ.പി.എസ്’ എന്ന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പരാതിയുയർന്നിരുന്നു. പിന്നാലെ, തെരഞ്ഞെടുപ്പ് ദിനം വ്യാജ സർവേ ഫലം പ്രചരിപ്പിച്ചും വിവാദത്തിൽപ്പെട്ടു.
ഐപി ബിനുവിന് തോല്‍വി
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാർഡിൽ എൽഡിഎഫിന് ഞെട്ടിക്കുന്ന തോൽവി. എൽഡിഎഫിന്റെ സ്റ്റാർ സ്ഥാനാർഥിയും മുൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഐപി ബിനുവാണ് തോറ്റത്. യുഡിഎഫിന്റെ മേരി പുഷ്പം 657 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. വൻ ശ്രദ്ധാകേന്ദ്രമായിരുന്നു ഈ വാർഡ്. ജനകീയനായ നേതാവായിരുന്നു ബിനു. പ്രചാരണത്തിന് വമ്പന്മാർ എത്തിയെങ്കിലും വോട്ടിൽ പ്രതിഫലിച്ചില്ല. കഴിഞ്ഞ തവണയും ഈ വാർഡിൽ മേരിയായിരുന്നു വിജയിച്ചത്. ഇത്തവണ എങ്ങനെയും സീറ്റ് പിടിച്ചെടുക്കണമെന്ന എൽഡിഎഫ് മോഹം പൂവണിഞ്ഞില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam