സംസ്ഥാന സർക്കാർ അനുമതി നൽകി; ദേശീയപാത നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് വീണ്ടും ആരംഭിച്ചു

Published : Oct 10, 2026, 12:45 PM IST
Nattika Toll plaza

Synopsis

ദേശീയപാത നിർമ്മാണം പൂർത്തിയാകാതെ തൃശൂർ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് പുനരാരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ കനത്ത പൊലീസ് സുരക്ഷയിലാണ് ടോൾ പിരിവ് നടക്കുന്നത്. നിർമ്മാണം പൂർത്തിയാകാത്തതിനാൽ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.

തൃശൂർ: ദേശീയപാത നാട്ടികയിൽ ടോൾ പിരിവ് പുനരാരംഭിച്ചു. സംസ്ഥാന സർക്കാർ അനുമതി നൽകിയതോടെയാണ് ടോൾ പിരിവ് വീണ്ടും ആരംഭിച്ചത്. ടോൾ പ്ലാസയ്ക്കു സംരക്ഷണം നൽകണമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ജനകീയ പ്രതിഷേധം കാരണം ടോൾ പിരിവ് നിർത്തിയിരുന്നു. നിർമാണം പൂർത്തിയാകാതെ ടോൾ പിരിവ് അനുവദിക്കില്ലെന്ന് സിപിഎം അറിയിച്ചിരുന്നു. എന്നാൽ, 62 കിലോമീറ്ററിൽ 90 ശതമാനം പണി കഴിഞ്ഞെന്ന് ദേശീയപാത അതോറിറ്റി വിശദീകരിച്ചു. ടോൾ പ്ലാസയിൽ പ്രതിഷേധം ഇന്ന് തുടരും. പ്രതിഷേധം കണക്കിലെടുത്ത് ടോൾ പ്ലാസയ്ക്ക് കനത്ത പൊലീസ് സുരക്ഷ ഒരുക്കി.

ദേശീയപാത നിർമ്മാണം പൂർത്തിയാകാതെയാണ് ചുങ്കം പിരിവ് ആരംഭിക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. കാപ്പിരിക്കാട് - കൊടുങ്ങല്ലൂർ ചെയിനേജിൽ ചാവക്കാട് ബൈപ്പാസ്, വാടാനപ്പള്ളി ഫ്ലൈ ഓവർ, ചേറ്റുവ പാലം, എടമുട്ടം അടിപ്പാത, കൊറ്റംകുളം സി.വി. ജങ്ഷൻ പാലം എന്നിവയുടെ നിർമ്മാണം പൂർത്തിയായിട്ടില്ല. പുതുതായി അനുവദിക്കപ്പെട്ട നാട്ടിക, വലപ്പാട് ഹൈസ്കൂൾ, കൈപ്പമംഗലം കൊപ്രക്കളം, ശ്രീനാരായണപുരം പള്ളിനട, ഏങ്ങണ്ടിയൂർ പൊക്കുളങ്ങര, മണത്തല, എടക്കഴിയൂർ, മന്ദലാംകുന്ന് നടപ്പാലങ്ങളുടെ പ്രാരംഭ നിർമ്മാണ പ്രവൃത്തി പോലും ആയിട്ടില്ല. ഇത്രയധികം പ്രവൃത്തികൾ പൂർത്തിയാകാതെയാണ് ദേശീയപാത ടോൾ പിരിവ് ആരംഭിക്കുന്നത്. ഹരിയാനയിലെ സ്കൈലാർക്ക് എന്ന കമ്പനിക്കാണ് പിരിവിന് ടെണ്ടർ നൽകിയിരിക്കുന്നത്. ഈ സ്വകാര്യ സ്ഥാപനത്തിൻ്റെ ജീവനക്കാർ നാട്ടികയിൽ എത്തിയിട്ടുണ്ട്.

കാർ, ജീപ്പ്, വാൻ, എൽ.എം, വി വാഹനങ്ങൾക്ക് ഒറ്റ യാത്രയ്ക്ക് 120 രൂപയാണ് ടോൾ. മടക്കയാത്ര ഉൾപ്പെടെ ഒരു ദിവസത്തേയ്ക്ക് 180 രൂപ കൊടുക്കണം. ഒരു മാസത്തേയ്ക്ക് 50 യാത്രകൾക്ക് 3995 രൂപയാകും. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒറ്റ യാത്ര 405 രൂപയും മടക്കയാത്ര ഉൾപ്പെടെ 610 രൂപയുമാകും. പ്രതിമാസം13525 രൂപ കൊടുക്കണം. ഹെവി കൺസ്ട്രക്ഷൻ മെഷിനറി, എർത്ത് മൂവിങ് എക്യുപ്മെൻ്റ് എന്നിവ ഒറ്റ യാത്രയ്ക്ക് 635 രൂപയാണ് നൽകേണ്ടൽ മടക്കയാത്ര ഉൾപ്പെടെ 955, പ്രതിമാസത്തേയ്ക്കാണെങ്കിൽ 21210 രൂപ. ടോൾ പ്ലാസയിൽ നിന്നും 20 കി.മീറ്റർ പരിധിയിലുള്ള വാണിജ്യേതര വാഹനങ്ങൾ പ്രതിമാസം 360 രൂപയുടെ പാസ് എടുത്താൽ മതി. ഈ വിധം ടോൾ കൊടുത്തില്ലെങ്കിൽ പണി പൂർത്തിയാകാത്ത തൃശൂർ ജില്ലയിലെ ദേശീയപാത 66 ലൂടെ നാളെ മുതൽ സഞ്ചരിക്കാനാകില്ല.

അതേസമയം നേരത്തെ നിശ്ചയിച്ച അലൈൻമെൻ്റും സ്കെച്ചും പ്രകാരം നിർമ്മാണം പൂർത്തിയായതാണെന്നും പാലങ്ങളുടെ അപ്രോച്ച് റോഡുകൾ ഇരുവശത്തും 200 മീറ്റർ വീതം നീളത്തിൽ മണ്ണിട്ട് ഉയർത്തിയാണ് നിർമ്മിച്ചത്. എന്നാൽ നാലു മാസം മുമ്പ് ഡിസൈൻ മാറ്റം വരുത്തി ഉത്തരവുണ്ടായി. അപ്രോച്ച് റോഡ് മണ്ണിട്ട് ഉയർത്തുന്നതിനു പകരം പൈലിങ് നടത്തി പില്ലറുകൾ സ്ഥാപിച്ച് പാലത്തിന് സമാനമായ നിർമ്മാണം ആരംഭിക്കേണ്ടി വന്നതായി നിർമ്മാണ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷൻസ് അധികൃതർ പറഞ്ഞു. ഇതോടെ ഓരോ പാലത്തിൻ്റെയും നീളം 400 മീറ്റർ വീതം വർധിച്ചു. കൊറ്റംകുളം പാലം ഒരു കിലോമീറ്റർ നീളത്തിലായി. ഈ പ്രവൃത്തികൾ പൂർത്തിയാകാൻ ഒന്നര വർഷം കൂടി ഇനിയും വേണ്ടി വരുമെന്നാണ് നിഗമനം. ഈ നിർമ്മാണം കൂടി പൂർത്തിയായാൽ ഇത്രയും തുക കൂടി പിരിച്ചെടുക്കാനായി ടോൾ നിരക്ക് വർധിപ്പിക്കാനും സാധ്യതയുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേരളത്തിൽ കൂട്ടിൽ അകപ്പെട്ട ആദ്യ കരിമ്പുലി, കോന്നിയിലെ പെൺ കരിമ്പുലിക്ക് ഇനി പുത്തൂർ വാസസ്ഥലം
'ഭർത്താവ് മരിച്ചു, ഒരു പ്രണയമുണ്ട്, പക്ഷെ....'; 60കാരി മദ്യപിച്ചെത്തി പാലത്തിൽ നിന്ന് ആറ്റിൽചാടി ജീവനൊടുക്കാൻ ശ്രമിച്ചു