വീടിന് തീ പിടിച്ച് കുട്ടികള്‍ മരിച്ച സംഭവം; ദുരൂഹത തുടരുന്നു

By Web TeamFirst Published Dec 7, 2018, 5:05 PM IST
Highlights

സംഭവത്തില്‍ അപകട കാരണം സംബന്ധിച്ച ദുരൂഹത തുടരുകയാണ്. വലിയ സ്ഫോടനത്തോടെ അഗ്‌നിബാധയുണ്ടായെന്നാണ് നാട്ടുകാരില്‍ ചിലരുടെ പ്രതികരണമെങ്കിലും സ്ഫോടന ശബ്ദം കേട്ടില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്

തൃശൂര്‍: വടക്കാഞ്ചേരി തെക്കുംകരയില്‍ വീടിന് തീപിടിച്ച് രണ്ട് കുരുന്നു ജീവനുകള്‍ കത്തിയമര്‍ന്ന സംഭവത്തില്‍ ജില്ലാ കളക്ടര്‍ ടി വി അനുപമ തലപ്പിള്ളി താലൂക്ക് തഹസില്‍ദാരിനോട് അടിയന്തിര അന്വേഷണ റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാലാണ് ജില്ലാ ഭരണകൂടം ഇടപെട്ടിരിക്കുന്നത്.

തെക്കുംകര മലാക്കയില്‍ ആച്ചംകോട്ടില്‍ ഡാന്റേഴ്സിന്റെ മക്കളായ ഒന്നര വയസുള്ള സെലസ് മിയ, ഏഴ് വയസുള്ള ഡാന്‍ഫലീസ് എന്നിവരാണ് കഴിഞ്ഞ രാത്രിയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചത്. പൊള്ളലേറ്റ മൂത്തമകള്‍ സെലന്‍ സിയ, ഡാന്റേഴ്സ്, ഭാര്യ ബിന്ദു എന്നിവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഡാന്റേഴ്സിന്റെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൂത്തമകള്‍ സെലന്‍സിയയെ ആദ്യം തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിലും പിന്നീട് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. സെലന്‍സിയയുടേയും ബിന്ദുവിന്റേയും പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭ്യമാകുന്ന വിവരം.

സംഭവത്തില്‍ അപകട കാരണം സംബന്ധിച്ച ദുരൂഹത തുടരുകയാണ്. വലിയ സ്ഫോടനത്തോടെ അഗ്‌നിബാധയുണ്ടായെന്നാണ് നാട്ടുകാരില്‍ ചിലരുടെ പ്രതികരണമെങ്കിലും സ്ഫോടന ശബ്ദം കേട്ടില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

കിടപ്പുമുറിയിലെ ഇന്‍വെര്‍ട്ടറില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് സംശയം പരന്നത്. എന്നാല്‍, ഇവരുടെ വീട്ടില്‍ ഇന്‍വെര്‍ട്ടര്‍ ഉണ്ടായിരുന്നില്ലെന്നും ഷോര്‍ട്ട് സര്‍ക്യട്ടല്ല അപകട കാരണമെന്നുമാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ടെറസ് കെട്ടിടത്തില്‍ പെട്ടെന്ന് അഗ്‌നിബാധയുണ്ടാകാന്‍ കാരണമെന്തെന്ന കാര്യത്തില്‍ പൊലീസിനും ഫയര്‍ഫോഴ്സിനും ഫോറന്‍സിക് വിദഗ്ധര്‍ക്കും ആശയക്കുഴപ്പം തുടരുകയാണ്.

ഗ്യാസ് പൊട്ടിത്തെറിച്ചതാകാമെന്നും ഗ്യാസ് ചോര്‍ന്നതാകാമെന്നും അഭ്യൂഹം ഉണ്ടായി. ഇക്കാര്യത്തിലും സ്ഥീരീകരണം ഉണ്ടായിട്ടില്ല. അടുക്കളയിലും വീടിന് പുറത്തുമുള്ള ഗ്യാസ് സിലിണ്ടറുകള്‍ പരിശോധിച്ചതില്‍ നിന്നും ഇത്തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

ഗൃഹനാഥനായ ഡാന്റേഴ്സ് തന്റെ കാറില്‍ ഗ്യാസ് നിറയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ചോര്‍ച്ചയും അപകടവും ഉണ്ടായതാണോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. ഗ്യാസ് കമ്പനി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൃത്യമായ നിഗമനത്തിലെത്താന്‍ സാധിക്കൂവെന്നാണ് പൊലീസിന്റെ പക്ഷം. മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടില്‍ എത്തിച്ചു. സംസ്‌കാരം വൈകീട്ട് മച്ചാട് സെന്റ് മേരീസ് പള്ളിസെമിത്തേരിയില്‍ നടന്നു.

click me!