
ഇടുക്കി: ദമ്പതിമാരെ തടഞ്ഞു നിർത്തി മോഷണം നടത്തിയ ശേഷം തട്ടിയെടുത്ത കാർ മൂന്നാറിലെ തേയില തോട്ടത്തിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കണ്ണൻദേവൻ കമ്പനിയുടെ പള്ളിവാസൽ എസ്റ്റേറ്റിൽ രണ്ടാം മൈലിനു സമീപമാണ് കോയമ്പത്തൂർ സിങ്കാനല്ലൂർ സിങ്കൈ നഗർ വെള്ളല്ലൂർ റോഡിൽ വിപഞ്ചികയിൽ പി.ഹരി, ഭാര്യ ഡോ. പത്മജ ദമ്പതികളുടെ ആഡംബര കാറാണ് പാതി തകർത്ത നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഏഴേകാലിനാണ് ദമ്പതിമാര്‍ക്ക് നേരെ അക്രമം നടന്നത്. കോയമ്പത്തൂരിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് യാത്ര ചെയ്യുന്നതിനിടയിൽ മുണ്ടൂർ ഐ.ടി.സിക്കു സമീപത്തുവച്ച് രണ്ട് വാഹനങ്ങളിലെത്തിയ ഏഴുപേർ ചേർന്ന് ദമ്പതികളുടെ കാർ തടഞ്ഞു. ആദ്യം ഭാര്യയെ പുറത്തിറക്കി വിട്ട ശേഷം കാറുമായി കടന്ന സംഘം കുറേ ദൂരം പിന്നിട്ടപ്പോള്‍ ഭർത്താവിനെയും കാറിൽ നിന്നും ഇറക്കിവിടുകയായിരുന്നു.
പിന്നീട് കാറുമായി കടന്ന സംഘം, കാറിലുണ്ടായിരുന്ന രണ്ട് ഐ ഫോണുകൾ, ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന എട്ട് സ്വർണ മോതിരങ്ങൾ, രണ്ട് വാച്ച്, സാരികൾ, 5000 രൂപ എന്നിവയും കവർന്നു. ദമ്പതികളുടെ പരാതിയെ തുടർന്ന് പാലക്കാട് കോങ്ങാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളിലൊരാളായ തൃശൂർ മണ്ണമ്പേട്ട വരാക്കര സ്വദേശി രമേഷ് (29) പിടിയിലായിരുന്നു. എന്നാൽ കാർ കണ്ടെത്താനായില്ല.
ഇതിനിടയിലാണ് ഡ്രൈവറുടെ ഭാഗത്തെ ഗ്ലാസ്സ് തകർത്ത നിലയിൽ കാർ മൂന്നാറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വെള്ളത്തൂവൽ പോലീസിൽവിവരമറിയിച്ചതിനെ തുടർന്ന് കോങ്ങാട് പൊലീസ് ഇൻസ്പെക്ടർ കെ.സി ബിനു, എസ്.ഐ രജ്ഞിത്ത്, വിരലടയാള വിദഗ്ദർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച മൂന്നാറിലെത്തി പരിശോധന നടത്തി. പൊലീസ് കാർ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി.
കാറിന്റെ ഉൾഭാഗങ്ങൾ തകർത്ത നിലയിലാണ്. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും, കുഴൽപണം കടത്തുന്നവരാണെന്ന് സംശയിച്ചാണ് കാർ തട്ടിയെടുത്തതെന്നും കാറിനുള്ളിലെ രഹസ്യ അറകൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിയാതിരുന്നതുമൂലമാണ് കാർ മൂന്നാറിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടതെന്നും പൊലീസിനോട് പറഞ്ഞു. സംഘത്തിലെ മറ്റുള്ള പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചതായും സംഘം കാറുമായി ഉടുമൽപേട്ട, ചിന്നാർ, മറയൂർ വഴിയാകാം മൂന്നാറിലെത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ കെ.സി.ബിനു പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam