
പാലക്കാട്: തിരുമിറ്റക്കോട് പള്ളിപ്പാടം പ്രദേശത്ത് നടത്തി വന്ന മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവായെന്ന് മന്ത്രി എംബി രാജേഷ്. ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയാവുന്ന വിധത്തില്‍ ഘനനം നടത്തുന്നത് ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ വിഷയത്തില്‍ ഇടപെടുകയും പരിശോധന നടത്തി കര്‍ശന നടപടി എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് ഇപ്പോള്‍ ജിയോളജിസ്റ്റ് നിറുത്തല്‍ ഉത്തരവ് നല്‍കിയിട്ടുള്ളതെന്ന് രാജേഷ് പറഞ്ഞു.
'ദേശീയ പാത നിര്‍മ്മാണത്തിന് മണ്ണെടുക്കുന്നതിനായി ലഭിച്ച എട്ട് പെര്‍മിറ്റ് അപേക്ഷകളില്‍ മൂന്ന് അപേക്ഷകള്‍ക്കാണ് അനുമതി ലഭിച്ചിരുന്നത്. ബെഞ്ച് കട്ടിംഗ് മാതൃകയിലാണ് മണ്ണെടുക്കാന്‍ അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിര്‍ബാധം മണ്ണ് ഘനനം നടത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തില്‍ ഇളവ് ലഭിക്കുന്ന മുറക്ക് തൃത്താല മേഖലയിലെ മണ്ണ് ഘനനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഇതിനായി ജില്ലാ കലക്ടറും ജിയോളജിസ്റ്റും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ യോഗം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇളവ് ലഭിച്ചാലുടന്‍ വിളിച്ചു ചേര്‍ക്കും. നിയമലംഘനം നടക്കുന്നില്ലെന്ന് ഉറപ്പിക്കാന്‍ കര്‍ശന പരിശോധനയും ഉണ്ടാവും.' മണ്ണെടുപ്പുമായി ബന്ധപ്പെട്ട ഒരു തെറ്റായ നടപടിയും നിയമലംഘനവും ഒരു കാരണവശാലും അനുവദിക്കില്ലെന്നും എംബി രാജേഷ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam