
കല്‍പ്പറ്റ: ജില്ലാ ആസ്ഥാനത്തും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാകുന്നതിനെതിരെ നാട്ടുകാരും സംഘടനകളും രംഗത്ത്. തിങ്കളാഴ്ച സ്‌കൂളിലേക്ക് നടന്നു പോകവേ വിദ്യാര്‍ഥിനിക്ക് തെരുവു നായയുടെ കടിയേറ്റതോടെ രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും ആശങ്കയിലാണ്. തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ എസ് എസ് ഹയർ സെക്കന്‍ഡറി സ്‌കൂള്‍ അധികാരികള്‍ നഗരസഭക്ക് നിവേദനം നല്‍കി. ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വൈത്തിരി വട്ടവയല്‍ മാളിയേക്കല്‍ എം എഫ് ജെസ്റ്റീനെ (17) യാണ് കഴിഞ്ഞ ദിവസം തെരുവ് നായ ആക്രമിച്ചത്. ബസിറങ്ങി സ്‌കൂളിലേക്ക് നടന്നു പോകവേ അഗ്‌നി രക്ഷാനിലയത്തിന്റെ എതിര്‍വശത്തായിരുന്നു സംഭവം. വലതു കൈയ്ക്കാണ് കടിയേറ്റത്. നായയുടെ ആക്രമണത്തിനിടെ വീണ് വലതു കാലിന്റെ മുട്ടിനും പരിക്ക് പറ്റി. വിവരമറിഞ്ഞ് സമീപത്ത് ഉണ്ടായിരുന്നവരും അഗ്‌നി രക്ഷാസേനാംഗങ്ങളും സ്ഥലത്തെത്തി. അഗ്‌നി രക്ഷാസേനാംഗങ്ങളാണ് ജെസ്റ്റീനയെ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. നായയെ പ്രദേശത്തുനിന്നുതന്നെ അഗ്‌നി രക്ഷാസേനാംഗങ്ങള്‍ പിടികൂടി നഗരസഭാ അധികൃതര്‍ക്ക് കൈമാറി. നായയ്ക്ക് പേ വിഷ ബാധയുണ്ടോയെന്ന് പരിശോധിക്കാനായി പുക്കോട് വെറ്ററിനറി സര്‍വകലാശാലയിലേക്ക് കൊണ്ടുപോയിരുന്നു.
കഴിഞ്ഞ 17-ാം തീയതി കല്‍പ്പറ്റയില്‍ ചെറിയ കുട്ടികളും വയോധികരുമടക്കം 31 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. പള്ളിത്താഴെ റോഡ്, മെസ് ഹൗസ് റോഡ്, ഗ്രാമത്തുവയല്‍, ആനപ്പാലം, മൈതാനി, അമ്പിലേരി എന്നിവിടങ്ങളിൽ നിന്നാണ് കുട്ടികളെയടക്കം ഒട്ടേറെ പേരെ തെരുവുനായ കടിച്ചത്. ഈ നായയ്ക്ക് പിന്നീട് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. എന്‍ എസ് എസ് ഹയർ സെക്കന്‍ഡറി സ്‌കൂളിന്റെ പരിസരത്തും തെരുവു നായ ശല്യം രൂക്ഷമാണ്. രാവിലെ തങ്ങള്‍ എത്തുമ്പോള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ തെരുവു നായക്കൂട്ടങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇടക്കെല്ലാം പരസ്പരം കടിപിടി കൂടാറുണ്ടായിരുന്നെങ്കിലും ആദ്യമായാണ് ആളുകളെ ആക്രിമിക്കുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എസ് എസ് എല്‍ സി പരീക്ഷ നടക്കുന്ന സമയം കൂടിയായതിനാല്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയാണ് രക്ഷിതാക്കളും അധ്യാപകരും. കല്‍പ്പറ്റ ടൗണിന് പുറമെ പരിസര പ്രദേശങ്ങളായ പള്ളിത്താഴെ, ആനപ്പാലം, പഴയ ബസ് സ്റ്റാന്‍ഡിനും പുതിയ ബസ് സ്റ്റാന്‍ഡിനും പിറകുവശം എന്നിവിടങ്ങളെല്ലാം തെരുവുനായകളുടെ താവളമാണ്. ഇരുചക്ര വാഹനയാത്രികര്‍ക്ക് നായ്ക്കള്‍ ഭീഷണിയായിത്തുടങ്ങിയിട്ടുണ്ട്. നേരത്തേ 31 പേരെ ആക്രമിച്ച പേപ്പട്ടി, മറ്റു നായകളെയും പൂച്ച, കുരങ്ങ് എന്നിവയെ കടിച്ചതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും അധികൃതര്‍ കാര്യമായ നടപടികളിലേക്കൊന്നും നീങ്ങിയിട്ടില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam