ഒരു വീട്ടിലെ 12 കോഴികളെ കടിച്ചുകൊന്നു, 7 ആടുകൾക്കും വളർത്തുനായകൾക്കും കടിയേറ്റു; വിഴിഞ്ഞത്ത് തെരുവ് നായ ആക്രമണം രൂക്ഷം

Published : Aug 25, 2025, 09:27 AM IST
stray dog

Synopsis

മുക്കോല നെല്ലിക്കുന്ന് പനവിളക്കോട് ഭാഗങ്ങളിലായി ഇന്നലെ ഉച്ചയോടെ തെരുവ് നായയുടെ രൂക്ഷമായ ആക്രമണമാണ് ഉണ്ടായത്

തിരുവനന്തപുരം: നഗരത്തിൽ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടർക്കടക്കം തെരുവ് നായ ആക്രമണത്തിൽ പരുക്കേറ്റതിന് പിന്നാലെ വിഴിഞ്ഞത്ത് വളർത്ത് മൃഗങ്ങൾക്ക് നേരെയും തെരുവ് നായ ആക്രമണം രൂക്ഷം. മുക്കോല നെല്ലിക്കുന്ന് പനവിളക്കോട് ഭാഗങ്ങളിലായി ഇന്നലെ ഉച്ചയോടെ തെരുവ് നായയുടെ രൂക്ഷമായ ആക്രമണമാണ് ഉണ്ടായത്. ആക്രമകാരിയായ തെരുവു നായ വീട്ടിലെ നിരവധി കോഴികളെ കടിച്ചു കൊന്നു. ആടുകൾ, വളർത്തു നായ്ക്കൾ എന്നിവയ്ക്കും കടിയേറ്റു. വീട്ടുകാർ കടിയേൽക്കാതെ രക്ഷപ്പെട്ടു. പ്രദേശവാസിയായ രതീഷിന്‍റെ വീട്ടിലെ 12 കോഴികൾ നായയുടെ കടിയേറ്റു ചത്തതായാണ് വിവരം.

പേ ബാധിച്ച നായയാണ് ആക്രമിച്ചതെന്നു സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ആക്രമിച്ച നായയെ കണ്ടെത്തിയില്ല. കറവയുള്ള ഏഴ് ആടുകളെയും സമീപ വീടുകളിലെ വളർത്തു നായ്ക്കളേയും കടിച്ചു. നായയെ കണ്ട് വിരട്ടിയോടിക്കാൻ ശ്രമിച്ചപ്പോൾ ആക്രമിക്കാൻ ശ്രമിച്ചതായും രതീഷ് പറഞ്ഞു. നായയുടെ കടിയേറ്റ ആടുകൾക്കും വളർത്ത് നായകൾക്കും കുത്തിവയ്പ് എടുത്തു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും അടിയന്തര ഇടപെടൽ വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

തലസ്ഥാനത്ത് വലിയ ശല്യമായി തെരുവ് നായ ആക്രമണം

തലസ്ഥാനത്ത് തെരുവ് നായ ആക്രമണം വലിയ ശല്യമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിനുള്ളിൽ വനിതാ ഡോക്ടർക്കും മലയിൻകീഴിൽ ബൈക്കിൽ യാത്രചെയ്യുകയായിരുന്ന യുവാവിനും പത്തുവയസുള്ള മകൾക്കുമാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റത്. മാനസിക ആരോഗ്യകേന്ദ്രത്തിലെ 5-ാം നമ്പർ യൂണിറ്റ് ചീഫ് ഡോ. എൽസമ്മ വർഗീസിന് വെള്ളിയാഴ്ചയാണ് കടിയേറ്റത്. കൈകാലുകൾക്ക് പരുക്കേറ്റ എൽസമ്മ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വാർഡിലേക്ക് നടന്നു പോകുന്നതിനിടെ നായ ആക്രമിക്കുകയായിരുന്നു. കടിയേറ്റ് ഡോക്ടർ നിലത്തു വീണു. നിലവിളികേട്ട് മറ്റു ജീവനക്കാർ എത്തിയാണ് ഡോക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി വളപ്പിൽ വ്യാഴാഴ്ചയും നായ ആക്രമണമുണ്ടായെന്ന് ജീവനക്കാർ പറയുന്നു. ആശുപത്രി വളപ്പിൽ മുപ്പതോളം തെരുവുനായ്ക്കളുണ്ടന്നും തടയാൻ നടപടികളില്ലെന്നും ജീവനക്കാർ വ്യക്തമാക്കിയിരുന്നു. സഹകരണ ബാങ്ക് ജീവനക്കാരനായ വിളവൂർക്കൽ സ്വദേശിക്കും മകൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിക്കും വ്യാഴാഴ്ച വൈകിട്ട് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് തെരുവ് നായയുടെ കടിയേറ്റത്. ഇരുവരും ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ പൊറ്റയിൽ ചന്തയ്ക്കു സമീപത്തുവച്ചാണ് തെരുവുനായ ആക്രമിച്ചത്. ബൈക്കിന്‍റെ പിറകിൽ ഇരിക്കുകയായിരുന്ന പത്തുവയസുകാരിയെ ആണ് ആദ്യം നായ കടിച്ചത്. ഇതോടെ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു. നിലത്തുവീണ ഇരുവരെയും നായ ആക്രമിച്ചു. ഈ നായ ഒട്ടേറെ പേരെ കടിച്ചതായും വിവരമുണ്ട്. ഇരുവരും മെഡിക്കൽകോളെജ് ആശുപത്രിയിൽ ചികിത്സ തേടി.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ