കണ്‍സഷന്‍ ചോദിച്ച വിദ്യാര്‍ത്ഥിനിയെ മഴയത്ത് ബസില്‍ നിന്നിറക്കി വിട്ടു

By Web TeamFirst Published Jun 13, 2019, 10:32 AM IST
Highlights

പെരുമഴയത്ത് റോഡില്‍ നിന്ന് കുട്ടി കരയുന്നത് കണ്ട് നാട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോഴാണ് ബസ് ജീവനക്കാരുടെ ക്രൂരത പുറത്തറിയുന്നത്. 

തിരുവനന്തപുരം: ബസില്‍ കണ്‍സഷന്‍ ചോദിച്ച വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ബസ് ജീവനക്കാര്‍ ബസില്‍ നിന്നും മഴയത്ത് ഇറക്കി വിട്ടതായി പരാതി. വെഞ്ഞാറമൂട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ആണ് യാത്രക്കിടെ ബസ് ജീവനക്കാര്‍ മഴയത്ത് ഇറക്കി വിട്ടത്. കുട്ടി ആറ്റിങ്ങലില്‍ കായിക പരിശീലനം നടത്തുന്നുണ്ട്. സ്കൂളില്‍ നിന്നും കായികപരിശീലനം നടത്തുന്ന സ്ഥലത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം.

തിങ്കളാഴ്ച ഉച്ചയോടെ നടന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. വെഞ്ഞാറമൂട്ടില്‍ നിന്നും ആറ്റിങ്ങലിലേക്ക് ബസ് കയറിയ കുട്ടിയോട് ബസ് ജീവനക്കാര്‍ ഐഡി കാണിക്കാന്‍ ആവശ്യപ്പെട്ടു. പുതിയതായി ആഡ്മിഷന്‍ എടുത്തതിനാല്‍ ഐഡി ഇല്ലെന്ന് കുട്ടി പറഞ്ഞു. എന്നാല്‍ കാര്‍ഡില്ലാതെ കണ്‍സഷന്‍ അനുവദിക്കില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. തന്‍റെ പക്കല്‍ മൂന്ന് രൂപയേ ഒള്ളുവെന്ന് കുട്ടി ജീവനക്കാരെ അറിയിച്ചു. എന്നാല്‍ കുട്ടിയുടെ കയ്യിലുള്ള മൂന്ന് രൂപ വാങ്ങി ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥിനിയെ മഴയത്ത് ബസില്‍ നിന്നും ഇറക്കിവിട്ടുവെന്നാണ് പരാതി. 

പെരുമഴയത്ത്  പെണ്‍കുട്ടി റോഡില്‍ നിന്ന് കരയുന്നത് കണ്ട് നാട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോഴാണ് ബസ് ജീവനക്കാരുടെ ക്രൂരത പുറത്തറിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ മാതാവ് സ്ഥലത്തെത്തി കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ആറ്റിങ്ങല്‍ പൊലീസ് അറിയിച്ചു.

click me!