സ്കൂള്‍ ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥി മരിച്ച സംഭവം: മിന്നൽ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

By Web TeamFirst Published Feb 5, 2020, 7:51 PM IST
Highlights

കുട്ടികളെ കയറ്റാനോ ഇറക്കാനോ സഹായികളില്ലാതെയാണ് പല വാഹനങ്ങളും ഓടിയിരുന്നത്. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുണ്ടെങ്കിലും പല വാഹനങ്ങളുടേയും നില മോശമാണെന്നും കണ്ടെത്തി. പരിശോധന അടുത്ത ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.

പെരിന്തൽമണ്ണ: മലപ്പുറം കുറുവയിൽ സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർഥി മരിച്ച സംഭവത്തിന് പിന്നാലെ ജില്ലയിൽ വാഹന പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. ബുധനാഴ്ച രാവിലെ പെരിന്തൽമണ്ണയിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഡ്രൈവറുടെ ക്യാബിനിൽ വിദ്യാർഥികളെ ഇരുത്തി സർവീസ് നടത്തിയതായി കണ്ടെത്തി. മിക്ക ബസുകളിലും ആയമാരോ സഹായികളോ ഇല്ലെന്നും കണ്ടെത്തിയതായി ഉദ്യോ​ഗസ്ഥർ പറ‍ഞ്ഞു.

ബുധനാഴ്ച രാവിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുപ്പതോളം വാഹനങ്ങൾ പരിശോധിച്ചു. ഒരു വാഹനത്തിൽ സ്പീഡ് ഗവർണ്ണർ വേർപെടുത്തിയതായി കണ്ടെത്തി. വാഹനത്തിന്റെ ഡ്രൈവർക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. മിക്ക വാഹനങ്ങളിലും കുട്ടികളെ കുത്തിനിറച്ചായിരുന്നു യാത്ര. ബസ്സിൽ ആകെയുണ്ടായിരുന്നത് ഡ്രൈവർ മാത്രമാണ്. കുട്ടികളെ കയറ്റാനോ ഇറക്കാനോ സഹായികളില്ലാതെയാണ് പല വാഹനങ്ങളും ഓടിയിരുന്നത്. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുണ്ടെങ്കിലും പല വാഹനങ്ങളുടേയും നില മോശമാണെന്നും കണ്ടെത്തി. പരിശോധന അടുത്ത ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.

കുറുവ എയുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ഫർസീൻ അഹമ്മദ് ആണ് സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വീടിന് സമീപത്ത് നിന്ന് ബസിൽ കയറി സ്കൂളിലേക്ക് യാത്ര തുടങ്ങി സെക്കന്റുകൾ പിന്നിടുമ്പോഴായിരുന്നു സംഭവം.     

click me!