
തിരുവനന്തപുരം: പരീക്ഷയെഴുതാൻ അനുമതി നിഷേധിച്ചതിന് വിദ്യാർത്ഥി തൂങ്ങി മരിച്ചു. കോവളത്തെ കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആന്‍റ് കാറ്ററിംഗ് ടെക്നോളജിയിലെ വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികള്‍ കോളേജ് ഗേറ്റ് ഉപരോധിച്ചു.
കൊൽക്കത്ത സ്വദേശിയായ സ്വർണേന്ത് കുമാറാണ് കോളേജിന് സമീപമുള്ള വാടക വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ സ്ഥാപനത്തിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു. 75 ശതമാനം ഹാജരില്ലാത്തിനാൽ തിങ്കളാഴ്ച തുടങ്ങുന്ന പരീക്ഷ എഴുതാൻ സ്വർണേന്തിന് കോളേജ് അധികൃതർ അനുമതി നൽകിയിരുന്നില്ല.
ഇന്ന് രാവിലെയും കോളേജിലെത്തിയ സ്വർണേന്ത് കുമാർ അധ്യാപകരോട് സംസാരിച്ച ശേഷമാണ് വാടക വീട്ടിൽ പോയി ആത്മഹത്യ ചെയ്തത്. 74 ശതമാനം ഹാജർ സ്വർണേന്തുവിന് ഉണ്ടായിരുന്നുവെന്നും, പ്രിൻസിപ്പലിന്‍റെ കടുംപിടുത്തമാണ് ആത്മഹത്യക്ക് കാരണമെന്ന് വിദ്യാത്ഥികള്‍ ആരോപിച്ചു.
അന്യായമായ കാരണങ്ങള്‍ പറഞ്ഞ് വിദ്യാർത്ഥികളെ അധ്യാപകർ മാനസികമായി നിരന്തരം പീഡിപ്പിക്കുകയും ഹോസ്റ്റലിൽ നിന്നും പുറത്താക്കുകയും ചെയ്യുന്നത് പതിവാണെന്ന് വിദ്യാർത്ഥികള്‍ പറയുന്നു. എന്നാല്‍ കോളേജിന്‍റെ ഭാഗത്ത് നിന്നുണ്ടായ നിയമാനുസരണമായ നടപടികള്‍ മാത്രമാണെന്ന് അധ്യാപക പറഞ്ഞു.
രക്ഷിതാക്കളുടെ ആഗ്രഹം പൂർത്തിയാക്കാൻ കഴിയാത്തിനാൽ ആത്മഹത്യ ചെയ്യുവെന്ന സ്വർണേന്തുവിൻറെ കുറിപ്പ് പൊലീസ് കണ്ടെടുത്തു. പോസ്റ്റുമോർട്ടിന് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam