അതിജീവിക്കുന്ന കേരളം; പ്രളയം തകര്‍ത്ത കുടുംബത്തിന് ഓട്ടോ നല്‍കി വിദ്യാര്‍ത്ഥികള്‍

By Jansen MalikapuramFirst Published Dec 7, 2018, 7:01 PM IST
Highlights

ചിന്നക്കനാലില്‍ പ്രവര്‍ത്തിക്കുന്ന മൗണ്ട് ഫോര്‍ട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും മാനേജ്മെന്റ് അധികൃതരുമാണ് പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഉമേഷിന്റെ കുടുംബത്തിന് ഓട്ടോ വാങ്ങി നല്‍കിയത്

ഇടുക്കി: പ്രളയത്തില്‍ എല്ലാമെല്ലാമായ മകനെ ഉള്‍പ്പെടെ സകലതും നഷ്ടപ്പെട്ട കുടുംബത്തിന് ഉപജീവന മാര്‍ഗത്തിനായി ഓട്ടോ സൗജന്യമായി നല്‍കി സ്‌കൂള്‍ അധികൃതരും വിദ്യാര്‍ത്ഥികളും. ചിന്നക്കനാലില്‍ പ്രവര്‍ത്തിക്കുന്ന മൗണ്ട് ഫോര്‍ട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും മാനേജ്മെന്റ് അധികൃതരുമാണ് പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഉമേഷിന്റെ കുടുംബത്തിന് ഓട്ടോ വാങ്ങി നല്‍കിയത്.

കേരളത്തെ ഗ്രസിച്ച പ്രളയത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ദേവികുളം സ്വദേശികളായ ബാലക്യഷ്ണന്‍-സതി ദമ്പതികളുടെ മകന്‍ ഉമേഷ്‌ മരണപ്പെട്ടിരുന്നു. ഇവരുടെ ഏക വരുമാനമാര്‍ഗമായ ബാലക്യഷ്ണന്റെ ഓട്ടോ പൂര്‍ണ്ണമായി തകരുകയും ചെയ്തു. ഇതോടെ ഈ കുടംബത്തിന് ജീവിക്കാന്‍ മറ്റ് വഴികളില്ലാത്ത അവസ്ഥയായി.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബ്രദര്‍ ഫ്രാന്‍സിസ് സേവ്യറും വിദ്യാര്‍ത്ഥികളും കഴിഞ്ഞ ദിവസം ഉമേഷിന്റെ വീട് സന്ദര്‍ശിച്ചതോടെയാണ് ഈ പ്രശ്നങ്ങളെല്ലാം ശ്രദ്ധയില്‍പ്പെട്ടത്. സുഹൃത്തിനായി വിദ്യാര്‍ത്ഥികളുടെ നേത്യത്വത്തില്‍ പണം പിരിച്ചു.

സ്‌കൂള്‍ അധിക്യതരും വിവിധ ഭാഗങ്ങളില്‍ നിന്ന് പണം കണ്ടെത്തിയതോടെ ഓട്ടോ വാങ്ങി നല്‍കാന്‍  തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഉമേഷിന്റെ മാതാവ് സതിക്ക് പ്രിന്‍സിപ്പാള്‍ വാഹനത്തിന്റെ താക്കോല്‍ കൈമാറി.

മൗണ്ട് ഫോര്‍ട്ട് സ്കൂളില്‍ കഴിഞ്ഞ വര്‍ഷം പഠിച്ച കുട്ടിയായിരുന്നു ഉമേഷ് എന്ന ് വിദ്യാര്‍ഥികള്‍ പറഞ്ഞു. പ്രളയക്കെടുതിയില്‍ അവന്‍ വേര്‍പിരിഞ്ഞ് പോവുകയും അവരുടെ ഓട്ടോയുമെല്ലാം നശിക്കുകയും ചെയ്തു. ഈ ചെറിയ സഹായം അവര്‍ക്ക് ജീവിതം മുന്നോട്ട്  കൊണ്ട് പോകാന്‍ സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

മൂന്നാര്‍ മേഖലയില്‍ വീട് ഭാഗികമായി നഷ്ടപ്പെട്ട മൂന്ന് സുഹൃത്തുക്കള്‍ക്കായും വിദ്യാര്‍ഥികള്‍ കെെക്കോര്‍ക്കുന്നുണ്ട്. വീടുകളുടെ അറ്റക്കുറ്റപ്പണികള്‍ നടത്തുന്നതിനുള്ള പണം കണ്ടെത്തി കഴിഞ്ഞു. അടുത്ത ദിവസം അവരുടെ വീടുകളുടെ പണികള്‍ ആരംഭിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

click me!