
തിരുവനന്തപുരം: ട്രയിൻ തട്ടി ഗുരുതരമായി പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനിയുടെ കാൽ മുറിച്ചുമാറ്റി. കേരള മഹിളാ സമഖ്യയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന മയ്യനാട് ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായ സന്ധ്യ (16) യുടെ ഇടത് കാലാണ് മുട്ടിന് താഴെ വച്ച് മുറിച്ച് മാറ്റിയത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ട്രയിൻ തട്ടി ഇടത് കാലിന് ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. വിശദമായ പരിശോധനയിൽ കാലിന്‍റെ അസ്ഥികൾക്ക് കാര്യമായ പരിക്ക് കണ്ടെത്തിയതിനെ തുടർന്ന് എമർജൻസി ഓപ്പറേഷൻ തീയേറ്ററിൽ പ്രവേശിപ്പിച്ച് ഓർത്തോ വിഭാഗം അസോ. പ്രൊഫസർ ഡോ ബിനോയിയുടെ നേതൃത്വത്തിൽ കാൽ മുട്ടിന് താഴെ വച്ച് മുറിച്ചു് മാറ്റുകയായിരുന്നു.
വൈകുന്നേരത്തോടെ കുട്ടിയെ ഓർത്തോ ഐസിയുവിൽ പ്രവേശിപ്പിച്ചു. കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്നാണ് കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. അനാഥയായ സന്ധ്യയുടെ ചികിത്സാ ചെലവുകൾ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ നിർദേശപ്രകാരം സൗജന്യമാക്കിയിട്ടുണ്ട്. ആശുപത്രി സൂപ്രണ്ടിന്‍റെ ഡോണേഴ്സ് ഫണ്ടിൽ നിന്നും ഇതിനുള്ള ചെലവ് വഹിക്കുമെന്ന് സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam