
ഇടുക്കി: ചേലച്ചുവട്ടിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളെ കോതമംഗലം പൊലീസിന്‍റെ സഹായത്തോടെ വീടുകളിലെത്തിച്ചു. ബുധനാഴ്ച രാവിലെ സ്കൂളിലേക്കു വന്ന കുട്ടികൾ വൈകിട്ട് നേരം വൈകിയിട്ടും തിരികെ എത്താതിരുന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. കുട്ടികൾ വൈകിട്ട് ചെറുതോണിയിൽ നിന്ന് എറണാകുളത്തേക്കുള്ള സ്വകാര്യ ബസിൽ കയറിപ്പോകുന്നത് ചിലർ കണ്ടിരുന്നു. ബസിൽ കയറിയ മൂവരും ആലുവയ്ക്കാണ് ടിക്കറ്റെടുത്തത്.
ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കണ്ടക്ടർ വിദ്യാർത്ഥികളെ കോതമംഗലം പൊലീസിൽ ഏല്‍പ്പിക്കുകയായിരുന്നു. പൊലീസ് അറിയിച്ചത് അനുസരിച്ച് കഞ്ഞിക്കുഴി പൊലീസും പഞ്ചായത്ത് മെമ്പർ സോയി മോൻ സണ്ണിയും ചേർന്ന് കോതമംഗലത്തെത്തി കുട്ടികളെ ഏറ്റുവാങ്ങി രാത്രി തന്നെ വീടുകളിലെത്തിച്ചു. ഇതിനിടെ കുട്ടികൾ പോകാനിടയായ സാഹചര്യത്തെക്കുറിച്ച് ആരോപണമുയർന്നിട്ടുണ്ട്. അടുത്ത കാലത്ത് കൗമാരക്കാരായ കുട്ടികളെ ഉപയോഗിച്ച് കഞ്ചാവും മയക്കുമരുന്നും വിൽപ്പന നടത്തുന്ന മാഫിയ സജീവമാണന്ന് പറയപ്പെടുന്നു.
ഏജന്‍റ് വഴി ആന്ധ്രയിൽ നിന്ന് ട്രെയിനിൽ ആലുവയിലെത്തിക്കുന്ന കഞ്ചാവും മയക്കുമരുന്നും അവിടെ നിന്ന് കൊണ്ട് വന്നാണ് വിൽപ്പന നടത്തുന്നതെന്നാണ് ആരോപണങ്ങള്‍. ജില്ലാ ആസ്ഥാനത്ത് അടുത്ത കാലത്ത് ലഹരി വില്‍പ്പന വ്യാപകമായിട്ടുണ്ട്. ബുധനാഴ്ച സ്കൂളിലേക്കെന്ന് പറഞ്ഞു വന്ന വിദ്യാർത്ഥികൾ ക്ലാസിൽ കയറാതെ ജില്ലാ ആസ്ഥാനത്തും മെഡിക്കൽ കോളേജ് പരിസരത്തും കറങ്ങി നടന്നത് കണ്ടവരുണ്ട്. വൈകിട്ട് സ്കൂള്‍ യൂണിഫോം മാറ്റി വേറെ ഡ്രസ് ധരിച്ചാണ് ബസിൽ യാത്ര ചെയതത്.
ആലുവയിൽ ട്രെയിൻ എത്തുന്ന സമയം കുട്ടികൾ സഹയാത്രികരോട് തിരക്കിയതായും പറയപ്പെടുന്നു. അടുത്ത കാലത്ത് കഞ്ഞിക്കുഴി പഞ്ചായത്തിലെ വെൺമണി, കഞ്ഞിക്കുഴി ടൗൺ കത്തിപ്പാറ നാലു കമ്പിചേലച്ചുവട്, അട്ടിക്കളം കീരിത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ കുടിൽ വ്യവസായം പോലെയാണ് മയക്കുമരുന്ന് വിൽപ്പനയെന്നു നാട്ടുകാർ പറയുന്നു ചുരുളി ആൽപ്പാറ, കുഴി സിറ്റി എന്നിവിടങ്ങളിൽ വിൽപ്പന വ്യാപകമാണ്. സ്മാർട്ട്ഫോണും ആർഭാട ജീവിതവും പറഞ്ഞ് പ്രലോഭിപ്പിച്ചാണ് കുട്ടികളെ ഇവർ വലയിൽ വീഴ്ത്തുന്നത്. ഇതേക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം