
കാസർകോട്: കാസർകോട് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. കാസർകോട് കക്കാട്ട് ഗവ ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയെ തുടർന്ന് 40 വിദ്യാർത്ഥികളും നാല് അധ്യാപകരും ആശുപത്രിയിൽ ചികിത്സ തേടി. സ്കൂളിൽ നിന്ന് വയനാട്ടിലേക്ക് വിനോദയാത്ര പോയ സംഘത്തിലുള്ളവരാണ് കുട്ടികളും അധ്യാപകരും. ഇന്നലെയാണ് വിനോദയാത്ര പോയത്. കുട്ടികളും അധ്യാപകരും ബാണാസുര സാഗർ അണക്കെട്ടിനടുത്ത് നിന്ന് ചിക്കൻ ഉൾപ്പെടെയുള്ള ഭക്ഷണപദാർത്ഥം കഴിച്ചിരുന്നു. ഇന്നലെ രാത്രി തിരിച്ചെത്തിയതോടെയാണ് കുട്ടികൾക്ക് ശാരീരിക അവശതകൾ ഉണ്ടായത്. സംഭവത്തിൽ ആരോഗ്യവകുപ്പ് അധികൃതർ പരിശോധന തുടങ്ങി. പരിശോധനാഫലത്തിന് ശേഷം മാത്രമേ വ്യക്തത വരികയുള്ളൂ. നിലവിൽ വിദ്യാർത്ഥികളും അധ്യാപകരും ചികിത്സ തേടിയിട്ടുണ്ട്. ആരുടേയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.