
ആലപ്പുഴ: സംസ്ഥാനത്ത് ഉടനീളം പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ ആള്‍ പിടിയില്‍. തിരുവനന്തപുരം ജില്ലയില്‍ മഞ്ഞമല കല്ലൂര്‍ സ്വദേശി തറവിള വീട്ടില്‍ സുരേഷ് കുമാറി (38) നെയാണ് ആലപ്പുഴ നോര്‍ത്ത് പൊലീസ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി കെ എം ടോമിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഹരിപ്പാടുള്ള റിസോര്‍ട്ടില്‍ നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുവന്നാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വിലകൂടിയ വസ്ത്രങ്ങളും മറ്റും ധരിച്ച് നടക്കുന്ന പ്രതി വളരെ വിദഗ്ധമായി സംസാരിച്ചാണ് ഇരകളെ വലയില്‍ വീഴ്ത്തുന്നത്. ആലപ്പുഴ ടൗണിലുള്ള ഒരു കാര്‍ ഷോറൂമില്‍ നിന്നും 12 ലക്ഷം രൂപ വിലയുള്ള കാര്‍ ബുക്ക് ചെയ്ത ശേഷം നാളെ മുഴുവന്‍ പണവുമായി വരാമെന്ന് പറഞ്ഞു മടങ്ങിയ പ്രതി എക്‌സിക്യൂട്ടീവിന്‍റെ നമ്പര്‍ വാങ്ങി. പിറ്റേന്ന് പണവുമായി കാറില്‍ വന്നുകൊണ്ടിരിക്കുന്നുവെന്നും തന്‍റെ ഒരു സുഹൃത്തിന് പതിനയ്യായിരം രൂപ ഉടനടി അയച്ച് കൊടുക്കണമെന്നും താന്‍ കൊച്ചിക്ക് പോയി വന്നാല്‍ ലേറ്റ് ആകുമെന്നും ഇപ്പോള്‍ 12 ലക്ഷം രൂപ ബാങ്കില്‍ നിന്നും പിന്‍വലിച്ചതിനാല്‍ ഇന്നിനി ഇടപാട് നടത്താന്‍ പറ്റില്ലെന്നും ഇയാള്‍ എക്‌സിക്യൂട്ടീവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു.
സുഹൃത്തിന്‍റെതെന്ന വ്യാജേന ഒരു അക്കൗണ്ട് നമ്പര്‍ കൊടുത്ത് അതില്‍ പണം നിക്ഷേപിക്കാനും താന്‍ അവിടെ എത്തുമ്പോള്‍ പണം തരാമെന്നും പറഞ്ഞു. തുടര്‍ന്ന് പണം അയച്ച് കൊടുത്തത് എടിഎം കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിച്ച ശേഷം ഇയാള്‍ സ്ഥലത്ത് നിന്നും മുങ്ങുകയായിരുന്നു. ഇത്തരത്തില്‍ നിരവധി ആള്‍ക്കാരില്‍ നിന്നും പണം കൈപറ്റിയതായി പൊലീസ് പറഞ്ഞു.
കാര്‍ ഷോറൂം എക്‌സിക്യൂട്ടീവായ തോമസ് ജെയിംസിന്‍റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ആലപ്പുഴ തത്തമ്പള്ളി സ്വദേശിയായ ഓട്ടോ ഡ്രൈവറില്‍ നിന്നും ഇത്തരത്തില്‍ പതിനായിരം രൂപയും പ്രതി കൈക്കലാക്കി. ഇങ്ങനെ തട്ടിയെടുക്കുന്ന പണം കൊണ്ട് ആഡംബര ജീവിതമാണ് പ്രതി നയിച്ച് വന്നിരുന്നത്. ആഡംബര ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിച്ച് അവിടുത്തെ ജോലിക്കാരുടെ വിശ്വസ്തത പിടിച്ചുപറ്റി പണം കൊടുക്കാതെ ഇയാള്‍ മുങ്ങും.
കൂടാതെ ആലപ്പുഴ നഗരത്തിലുള്ള ആഡംബര ഹോട്ടലില്‍ റൂം എടുത്ത് റൂം ബോയിക്ക് വിദേശത്ത് ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞും ഇയാള്‍ പണം തട്ടാന്‍ ശ്രമം നടത്തിയിരുന്നു. തട്ടിപ്പ് നടത്തിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യും. ഇത്തരത്തില്‍ നിരവധി സ്ഥലത്ത് ഇയാള്‍ തട്ടിപ്പ് നടത്തിയതായാണ് വിവരം.
വിവാഹിതനായ പ്രതി കൊല്ലം സ്വദേശിനിയായ മറ്റൊരു സ്ത്രീയുടെ കൂടെ താമസിച്ചും തട്ടിപ്പ് നടത്തിയതായും പൊലീസ് പറഞ്ഞു. അരൂര്‍ സ്വദേശിയായ രമേശ് എന്നയാള്‍ക്ക് തമിഴ്‌നാട്ടില്‍ നിന്ന് ബിസിനസ് ആവശ്യത്തിന് 25 ലക്ഷം രൂപ ലോണ്‍ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് പലപ്പോഴായി രണ്ടര ലക്ഷം രൂപയും, കാസര്‍ഗോഡ് സ്വദേശിയില്‍ നിന്നും 4 ലക്ഷം രൂപയും സുരേഷ് തട്ടിയെടുത്തിട്ടുണ്ട്. അതെകുറിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തില്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോയെന്നറിയാന്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമെന്ന് ആലപ്പുഴ ഡിവൈഎസ്പി കെ എ ബേബി പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam