
തൃശൂര്‍: കോംഗോ പനി ലക്ഷണങ്ങളോടെ തൃശൂരില്‍ ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി ആശുപത്രി വിട്ടു. രോഗബാധയില്ലെന്ന പരിശോധനാ ഫലം ലഭ്യമായതിനെ തുടര്‍ന്നാണിത്. അതേസമയം, രോഗിയുമായി അടുത്തിടപഴകിയ 24 പേരെ 14 ദിവസം നിരീക്ഷിക്കുമെന്ന് ഡിഎംഒ ഡോ. കെ ജെ റീന അറിയിച്ചു. അബുദാബിയില്‍ ജോലി ചെയ്യുന്നതിനിടയിലായിരുന്നു മലപ്പുറം സ്വദേശിക്ക് കോംഗോ പനി ബാധിച്ചത്.
അസുഖം ഭേദമായി തിരിച്ചെത്തിയെങ്കിലും വിമാനതാവളത്തില്‍ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ കടുത്ത തലവേദന മൂലം ഇയാള്‍ തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കോംഗോ പനി പരിശോധനാഫലം പോസിറ്റീവ് ആയതിനാല്‍ ഇയാളെ ആരോഗ്യവകുപ്പ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു. മണിപ്പാലില്‍ നിന്നുള്ള പരിശോധനാഫലം ലഭിച്ചതില്‍ ഇയാള്‍ക്ക് രോഗബാധയില്ലെന്ന് സ്ഥീരീകരിച്ചതോടെയാണ് ഇയാളെ ഡിസ്ചാര്‍ജ് ചെയ്ത് നാട്ടിലേക്ക് വിടാന്‍ തീരുമാനമായത്.
എന്നാല്‍ രോഗിയുമായി അടുത്തിടപഴകിയ ബന്ധുക്കളും ഹോസ്പിറ്റല്‍ ജീവനക്കാരടക്കമുള്ള 24 പേരെ രണ്ടാഴ്ച കര്‍ശനമായി നിരീക്ഷിക്കുമെന്ന് ഡി എം ഒ അറിയിച്ചു. കോംഗോ പനി സാധാരണനിലയില്‍ ഏഴ് ദിവസത്തിനകം പകരാനാണ് സാധ്യതയെങ്കിലും ജാഗ്രതാനടപടിയുടെ ഭാഗമായാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam