തിരിച്ചറിയൽ രേഖ നോക്കിയപ്പോൾ ഒരു സംശയം, ജനന തിയ്യതി ചോദിച്ചപ്പോൾ നിന്നു പരുങ്ങി; കുമ്പളം ടോൾ പ്ലാസയിൽ 'ഫ്രീ' യാത്ര നടത്തിയ യുവാവ് കുടുങ്ങി

Published : Jun 10, 2026, 10:53 AM IST
kumbalam toll plaza

Synopsis

കുമ്പളം ടോൾ പ്ലാസയിൽ പ്രദേശവാസികൾക്കുള്ള ഇളവ് നേടാനായി ബന്ധുവിന്റെ തിരിച്ചറിയൽ കാർഡിന്റെ ചിത്രം വാട്സാപ്പിൽ കാണിച്ച് യാത്ര ചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിലായി. ഫോട്ടോയിലെ പൊരുത്തക്കേടാണ് സംശയത്തിനിടയാക്കിയത്. തുടർന്ന് മോട്ടോർ വാഹന വകുപ്പ് യുവാവിനെതിരെ നടപടി സ്വീകരിച്ചു.

കൊച്ചി: ദേശീയപാതയിലെ കുമ്പളം ടോൾ പ്ലാസയിലൂടെ പണം നൽകാതെ കടന്നുപോകാൻ വ്യാജമായി തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച യുവാവ് മോട്ടോർ വാഹന വകുപ്പിന്റെ പിടിയിലായി. പ്രദേശവാസിയായ ബന്ധുവിന്റെ തിരിച്ചറിയൽ കാർഡിന്റെ ചിത്രം വാട്സാപ്പിൽ സൂക്ഷിച്ച് ടോൾ ഇളവ് നേടാൻ ശ്രമിച്ചതാണ് യുവാവിന് തിരിച്ചടിയായത്.

കുമ്പളം ടോൾ പ്ലാസയിൽ പ്രദേശവാസികൾക്ക് ടോൾ നിരക്കിൽ ഇളവ് നൽകുന്നുണ്ട്. പ്രദേശവാസിയാണെന്ന് തെളിയിക്കുന്ന തിരിച്ചറിയൽ രേഖകൾ ഹാജരാക്കിയാൽ മതിയെന്ന സൗകര്യമാണ് ചിലർ ദുരുപയോഗം ചെയ്യാൻ തുടങ്ങിയത്. കുമ്പളത്തെ താമസക്കാരുടെ ആധാർ കാർഡിന്റെയോ ഡ്രൈവിംഗ് ലൈസൻസിന്റെയോ ചിത്രങ്ങൾ വാട്സാപ്പിലൂടെ കൈപ്പറ്റി മൊബൈലിൽ സൂക്ഷിക്കുന്നതാണ് പുതിയ രീതി. ടോൾ പ്ലാസയിൽ എത്തുമ്പോൾ ഈ ഡിജിറ്റൽ ചിത്രം ജീവനക്കാർക്ക് കാണിച്ച് ടോൾ നൽകാതെ കടന്നുപോകുകയാണ് പതിവ്. ഡിജിറ്റൽ രേഖകളുടെ ഉപയോഗം വ്യാപകമായതിനാൽ ജീവനക്കാർക്കും ഇതിൽ സംശയം തോന്നിയിരുന്നില്ല.

എന്നാൽ കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് യാത്ര ചെയ്ത യുവാവ് കുമ്പളത്തെ സ്വദേശിയായ ബന്ധുവിന്റെ തിരിച്ചറിയൽ കാർഡാണ് ഫോണിൽ കാണിച്ചത്. രേഖയിലെ ഫോട്ടോയും യുവാവിന്റെ പ്രായവും തമ്മിൽ പൊരുത്തക്കേട് തോന്നിയതോടെ ജീവനക്കാർക്ക് സംശയം തോന്നി. ജനന തീയതി ചോദിച്ചപ്പോൾ യുവാവ് വ്യക്തമായ മറുപടി നൽകാനാകാതെ പരുങ്ങി. തുടർന്ന് പരസ്പര വിരുദ്ധമായ വിശദീകരണങ്ങൾ നൽകിയതോടെ ജീവനക്കാർ വാഹനത്തിന്റെ ചിത്രം പകർത്തി വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിന് കൈമാറി. വാഹനം പിന്നീട് കടത്തിവിടുകയും ചെയ്തു.

കടുത്ത നടപടിയെന്ന് അധികൃതർ

വിവരം ലഭിച്ചതിനെ തുടർന്ന് എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ വിനോദ് കുമാർ യുവാവിനെ വിളിച്ച് വരുത്തി. ഒരു തമാശയായി ചെയ്തതാണെന്നായിരുന്നു യുവാവിന്റെ വിശദീകരണം. എന്നാൽ ടോൾ വെട്ടിപ്പ് ഗുരുതരമായ നിയമ ലംഘനമാണെന്ന് ബോധ്യപ്പെടുത്തുന്നതിനായി യുവാവിനെ മോട്ടോർ വാഹന വകുപ്പ് നിർബന്ധിത ബോധവത്കരണ ക്ലാസിന് അയച്ചു. പ്രദേശവാസികൾക്കായി അനുവദിച്ചിട്ടുള്ള ഇളവുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേരളത്തിലെ ശുദ്ധവായു സൂചികയിൽ തട്ടേക്കാട് ഒന്നാമത്, മാലിന്യമുക്തമായ ശുദ്ധ വായു ലഭിക്കുന്ന പ്രദേശമായി തട്ടേക്കാട്
ടച്ച് ലൈനിൽ നിന്ന് നാല് മീറ്റർ അകലം, നാലാം ലോകകപ്പ് മത്സരം കാണാൻ പി വി ശ്രീനിജൻ അമേരിക്കയിലേക്ക്