നീലഗിരി ജില്ലയിലേക്ക് കടക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

By Web TeamFirst Published Feb 25, 2021, 10:02 AM IST
Highlights

വയനാട്, മലപ്പുറം ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ജില്ലയാണ് നീലഗിരി. നിരവധി മലയാളികള്‍ ഇവിടെ ജോലി ആവശ്യങ്ങള്‍ക്കും വ്യാപാര ആവശ്യങ്ങള്‍ക്കും ദിവസവും ഈ അതിര്‍ത്തികള്‍ കടന്നാണ് പോകുന്നത്.  
 


സുല്‍ത്താന്‍ബത്തേരി: കര്‍ണാടകയ്ക്ക് പിന്നാലെ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി തമിഴ്‌നാട് സര്‍ക്കാരും. സംസ്ഥാനത്ത് നിന്ന് നീലഗിരി ജില്ലയിലേക്ക് പോകുന്നവര്‍ക്ക് കൊറോണാ രോഗാണുബാധയില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റും ഇ-രജിസ്‌ട്രേഷനും വേണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച ഉത്തരവ് നീലഗിരി ജില്ലകലക്ടര്‍ പുറപ്പെടുവിച്ചു. 

ആര്‍.ടി.പി.സി.ആര്‍ പരിശോധനാഫലം കൈവശം വെക്കാതെ കര്‍ണാടക-കേരള അതിര്‍ത്തിയിലെത്തിയ മലയാളികളെ കര്‍ണാടക അധികൃതര്‍ കഴിഞ്ഞ ദിവസങ്ങളില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചിരുന്നില്ല. റോഡുകള്‍ അടച്ച് കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ തടഞ്ഞ കര്‍ണ്ണാടകയുടെ നടപടിയെ കര്‍ണ്ണാടക ഹൈക്കോടതി  വിമര്‍ശിച്ചിരുന്നു. കര്‍ണ്ണാടക പൊലീസ്, റവന്യൂ, ആരോഗ്യവകുപ്പുകള്‍ ചേര്‍ന്ന സംയുക്ത പരിശോധന കഴിഞ്ഞാലേ ഇപ്പോള്‍ കേരളത്തില്‍ നിന്ന് കര്‍ണ്ണാടകയിലേക്ക് കടക്കാന്‍ കഴിയൂ. 

വരും ദിവസങ്ങളില്‍ തമിഴ്‌നാടും ഈ രീതിയില്‍ അതിര്‍ത്തി പരിശോധന ശക്തമാക്കാന്‍ സാധ്യതയുണ്ട്.  വയനാട്, മലപ്പുറം ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ജില്ലയാണ് നീലഗിരി. നിരവധി മലയാളികള്‍ ഇവിടെ ജോലി ആവശ്യങ്ങള്‍ക്കും വ്യാപാര ആവശ്യങ്ങള്‍ക്കും ദിവസവും ഈ അതിര്‍ത്തികള്‍ കടന്നാണ് പോകുന്നത്.  

തമിഴ്‌നാട്ടില്‍ നിന്നും സുല്‍ത്താന്‍ബത്തേരി, ചീരാല്‍, ചുള്ളിയോട് തുടങ്ങിയ സ്ഥലങ്ങളിലെത്തി ജോലി ചെയ്യുന്നവരുടെ എണ്ണവും ഏറെയാണ്. നാടുകാണി, പന്തല്ലൂര്‍, താളൂര്‍ തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ ആശ്രയിക്കുന്ന പ്രധാന ടൗണുകള്‍ വയനാട്ടിലാണ്. പന്തല്ലൂരില്‍ നിന്നുള്ളവര്‍ മേപ്പാടി ടൗണിലും താളൂര്‍ പ്രദേശത്ത് നിന്നുള്ളവര്‍ സുല്‍ത്താന്‍ബത്തേരിയിലും ദിവസേന എത്തുന്നവരാണ്. കൊവിഡ് നിയന്ത്രണം കര്‍ശനമാക്കുന്നതോടെ കേരളത്തിലേക്കും തിരിച്ചുമുള്ള ഇവരുടെ യാത്ര തടസ്സപ്പെടും. വയനാട്ടിലെ കൊവിഡ് കേസുകള്‍ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഉയര്‍ന്നത് ആശങ്കയോടെയാണ് നീലഗിരി ജില്ല ഭരണകൂടം നോക്കിക്കാണുന്നത്. ഇക്കാരണം കൊണ്ട് തന്നെ കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാകും തമിഴ്‌നാട് യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക. 
 

click me!