
പാലക്കാട്: പാലക്കാട്ടെ ഭവാനി പുഴയിൽ വെള്ളമെത്തി. തമിഴ്നാട് അപ്പർ ഭവാനി ഡാം തുറന്നതോടെയാണ് പുഴയിൽ വെള്ളമെത്തിയത്. ഇതോടെ അട്ടപ്പാടിക്ക് ആശ്വാസമായി. കുടിവെളള ക്ഷാമം പരിഗണിച്ചാണ് തമിഴ്നാട് ഡാം തുറന്നത്. കനത്ത വേനലിൽ പുഴയിലെ നീരൊഴുക്ക് കുറഞ്ഞിരുന്നു.
പാലക്കാട് കടുത്ത ചൂട് തുടരുകയാണ്. ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പുണ്ട്. അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.
ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ, ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കാനാണ് നിർദേശം.
സംസ്ഥാനത്ത് കൊടും ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് അവലോകനയോഗം നിര്‍ണായക തീരുമാനങ്ങളെടുത്തു. കഠിനമായ ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ നിര്‍ദേശിച്ചിട്ടുണ്ട്. ഒപ്പം പുറംജോലികള്‍, വിനോദങ്ങള്‍ എന്നിവയിലും നിയന്ത്രണം കൊണ്ടുവരും. നാല് ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്. പാലക്കാടിന് പുറമേ തൃശൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്.
സ്കൂൾ വിദ്യാർത്ഥികൾക്ക് 11 മണിമുതൽ 3 മണി വരെയുള്ള അവധിക്കാല ക്ലാസുകൾ ഒഴിവാക്കണം. പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള പുറം ജോലികൾ ഒഴിവാക്കണം. അതിന് അനുസരിച്ച് സമയം ക്രമീകരിക്കണം. സമ്മര്‍ ക്യാമ്പുകള്‍ നിര്‍ത്തിവയ്ക്കാനും നിര്‍ദേശം നൽകി. ക്ലാസുകള്‍ ഓൺലൈനായി പ്രവര്‍ത്തിക്കാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam