'വീഡിയോ ഓണാക്ക് ഇന്നെനിക്ക് എല്ലാരെയും കാണണം'; ഓണ്‍ലൈന്‍ ക്ലാസിനിടെ ടീച്ചര്‍ അവസാനമായി പറഞ്ഞു

By Web TeamFirst Published Oct 29, 2021, 1:34 PM IST
Highlights

' ഓ, അതൊന്നും സാരമില്ല, തണുപ്പടിച്ചതിന്‍റെയാ... " എന്നായിരുന്നു ടീച്ചര്‍ പറഞ്ഞത്. " ചുമയുണ്ട്, മക്കളെ, ശ്വാസം മുട്ടും. ബാക്കി നമ്മക്ക് അടുത്ത ക്ലാസിലെടുക്കാം..." എന്ന് പറഞ്ഞ് ടീച്ചര്‍ ക്ലാസവസാനിപ്പിച്ചു. 


കാസര്‍കോട് (രാജപുരം): "എല്ലാവരും വീഡിയോ ഓണാക്കിയേ ഇന്നെനിക്ക് എല്ലാവരെയും ഒന്ന് കാണണം." പതിവില്ലാതെ മാധവി ടീച്ചര്‍ (C. Madhavi teacher ,47) വീഡിയോ ഓണ്‍ ചെയ്യാന്‍ പറഞ്ഞപ്പോള്‍, വീഡിയോ മ്യൂട്ട് ചെയ്ത് ക്ലാസ് ശ്രദ്ധിച്ചിരുന്നവരും വീഡിയോ ഓണ്‍ ചെയ്തു. പക്ഷേ തങ്ങളുടെ പ്രീയപ്പെട്ട ടീച്ചറുടെ അവസാനത്തെ ക്ലാസായിരുന്നു അതെന്ന് അവരറിഞ്ഞില്ല. 

കാസര്‍കോട് കള്ളാര്‍ അടോട്ടുകയ ഗവ.വെല്‍ഫെയര്‍ എല്‍ പി സ്കൂളിലെ അധ്യാപിക സി മാധവി , ബുധനാഴ്ച വൈകീട്ട് 7.30 ന് കുട്ടികള്‍ക്ക് ഓൺലൈന്‍ ക്ലാസ് തുടങ്ങുന്നതിന് മുമ്പ് പറഞ്ഞ വാക്കുകളോര്‍ത്താണ് കുട്ടികള്‍ വിതുമ്പിയത്. വീഡിയോ ഓണ്‍ ചെയ്യാന്‍ പറഞ്ഞ ടീച്ചര്‍ അതിന് ശേഷം എല്ലാ കുട്ടികളോടും നേരിട്ട് സംസാരിച്ചു. 

ക്ലാസ് തുടങ്ങി ഏതാനും മിനിറ്റ് കഴിഞ്ഞപ്പോള്‍ ഇടയ്ക്ക് ടീച്ചര്‍ ഒന്ന് ചുമച്ചു. എന്ത് പറ്റിയെന്ന് കുട്ടികള്‍ അന്വേഷിച്ചു. ' ഓ, അതൊന്നും സാരമില്ല, തണുപ്പടിച്ചതിന്‍റെയാ... " എന്നായിരുന്നു ടീച്ചര്‍ പറഞ്ഞത്. " ചുമയുണ്ട്, മക്കളെ, ശ്വാസം മുട്ടും. ബാക്കി നമ്മക്ക് അടുത്ത ക്ലാസിലെടുക്കാം..." എന്ന് പറഞ്ഞ് ടീച്ചര്‍ ക്ലാസവസാനിപ്പിച്ചു. തുടര്‍ന്ന് മൂന്നാം ക്ലാസിലെ തന്‍റെ വിദ്യാര്‍ത്ഥികള്‍ക്ക് ഹോം വര്‍ക്കും നല്‍കി ക്ലാസവസാനിപ്പിച്ച ടീച്ചര്‍, അതേ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.  

സഹോദരന്‍റെ മകന്‍ രതീഷിനോട് നേരത്തെ ദേഹാസ്വാസ്ഥ്യം തോന്നുന്നതായി ടീച്ചര്‍ പറഞ്ഞിരുന്നു. രതീഷ് വൈകീട്ട് വീട്ടിലെത്തിയപ്പോള്‍ കസേരയില്‍ നിന്നും താഴെ വീണുകിടക്കുന്ന മാധവി ടീച്ചറെയാണ് കണ്ടത്. ഉടനെ പൂടങ്കല്ല് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭര്‍ത്താവ് പരേതനായ ടി ബാബു. 

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

click me!