ശക്തമായ മഴ; പെരിയവരയിലെ താല്‍ക്കാലിക പാലം വീണ്ടും അപകടാവസ്ഥയില്‍

By Web TeamFirst Published Sep 21, 2020, 8:24 PM IST
Highlights

പെട്ടിമുടി ദുരന്തം നടന്ന വേളയില്‍ താല്‍ക്കാലിക പാലം തകര്‍ന്നത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ തിരിച്ചടിയായിരുന്നു. അന്ന് അടിയന്തിരമായി പണികള്‍ നടത്തി പുതിയ പാലം വാഹനങ്ങള്‍ കടന്നു പോകുവാന്‍ തുറന്നെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾക്കായി വീണ്ടും അടക്കുകയായിരുന്നു. 

ഇടുക്കി: കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ പെരിയവരയിലെ താല്‍ക്കാലിക പാലം കരകവിഞ്ഞ് ഒഴുകിയതോടെ പാലം അപകടാവസ്ഥയില്‍ ആയി. പാലത്തിന്റെ ഒരു വശത്തായി മണല്‍ചാക്ക് അടുക്കി വച്ചിരിക്കുന്ന സ്ഥലത്തായി ഒരു ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. കുത്തൊഴുക്കില്‍ തകര്‍ന്നതു വഴിയായി അഞ്ചു തവണയാണ് താല്‍ക്കാലിക പാലം നിര്‍മ്മിക്കേണ്ടി വന്നത്. പാലം അപകടത്തിലായത് മൂന്നാര്‍ ഉടുമലപേട്ടയിലെ ഗതാഗതത്തിനെ വീണ്ടും ബാധിക്കുന്ന നിലയാണുള്ളത്. 

പെരിയവരയില്‍ നിര്‍മ്മിക്കുന്ന പുതിയ പാലത്തിന്റെ പണി ഏതാണ്ട് പൂര്‍ത്തിയായിരുന്നുവെങ്കിലും അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം ഇഴഞ്ഞത് പാലം പണി നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയാതെ വന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ പണി പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് നിര്‍മ്മാണ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പു ഉദ്യാഗസ്ഥര്‍ പറഞ്ഞിരുന്നുവെങ്കിലും പണികള്‍ അനന്തമായി നീളുകയായിരുന്നു. 

പെട്ടിമുടി ദുരന്തം നടന്ന വേളയില്‍ താല്‍ക്കാലിക പാലം തകര്‍ന്നത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ തിരിച്ചടിയായിരുന്നു. അന്ന് അടിയന്തിരമായി പണികള്‍ നടത്തി പുതിയ പാലം വാഹനങ്ങള്‍ കടന്നു പോകുവാന്‍ തുറന്നെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾക്കായി വീണ്ടും അടക്കുകയായിരുന്നു. എന്നാല്‍ പെട്ടിമുടി അപകടം നടന്നിട്ട് നാല്‍പ്പതു നാളുകള്‍ പിന്നിട്ട അവസ്ഥയിലും പാലം തുറക്കാനായിട്ടില്ല.

click me!