
ഇടുക്കി: ആശ്വാസമായി ജില്ലയിലെ ഏക കൊവിഡ് ക്ലസ്റ്ററായ രാജാക്കാടിനെ നിയന്ത്രിത മേഖലയിൽ നിന്ന് മാറ്റി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ആരോഗ്യവകുപ്പിന്‍റെ കൃത്യമായ ഇടപെടലാണ് രാജാക്കാട്ടെ കൊവിഡ് വ്യാപനം പിടിച്ച് നിർത്തിയത്.
കഴിഞ്ഞ ജൂലൈ 12നാണ് രാജാക്കാട് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ച വത്സമ്മ ജോയിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ഇവരുടെ മകൻ രാജാക്കാട് ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഭർത്താവ് വാച്ച് റിപ്പയറിംഗ് കട ഉടമയും. ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിനിടെ മുപ്പതോളം പേർക്ക് മേഖലയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജാക്കാടിനെ ജില്ലയിലെ ആദ്യ കൊവിഡ് ക്ലസ്റ്റായി പ്രഖ്യാപിച്ച് നിയന്ത്രിത മേഖലയാക്കി.
തുടർന്ന് ഓരോരുത്തരുടെയും സമ്പർക്ക പട്ടിക തയ്യാറാക്കാൻ തുടങ്ങി. ഇതിനിടെ പോസിറ്റീവ് കേസുകളുടെ എണ്ണം 70 കടന്നു. ഒരു കൊവിഡ് മരണം കൂടി സംഭവിച്ചു. കാൻസർ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് പോയ രാജാക്കാട് പഴയവിടുതി സ്വദേശി സിവി വിജയനാണ് മരിച്ചത്.
പക്ഷേ ഇതിനിടയിടയിലും തളരാതെ അശ്രാന്ത പരിശ്രമം തുടർന്ന് ആരോഗ്യ പ്രവർത്തകർ സമ്പർക്ക പട്ടികയിലുള്ള ആയിരത്തിലധികം പേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി. ആന്‍റിജൻ പരിശോധനകളുടെ എണ്ണം കൂട്ടി. നിലവിൽ 30 പോസിറ്റീവ് കേസുകൾ മാത്രമാണ് രാജാക്കാടുള്ളത്.
സമ്പർക്കത്തിലുള്ളവരുടെ ഫലവും നെഗറ്റീവായി. ഇതേത്തുടർന്നാണ് രാജാക്കാടിനെ നിയന്ത്രിത മേഖലയിൽ നിന്ന് മാറ്റിയത്. അതേസമയം രാജാക്കാട് നിന്ന് 25 കിലോമീറ്റാർ മാറിയുള്ള മൂന്നാറിൽ കേസുകൾ കൂടുന്നത് നേരിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam