
കൊച്ചി: ആലുവ താലൂക്ക് ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ ന്യൂക്ലിക്ക് ആസിഡ് ടെസ്റ്റിനുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തം. ബ്ലഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച തലാസീമിയ രോഗിക്ക് ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചതിൽ പരാതി ഉയർന്നതോടെയാണ് ആവശ്യം ശക്തമാകുന്നത്. നൂറിലധികം രോഗികളാണ് ആലുവ ബ്ലഡ് ബാങ്കിനെ ആശ്രയിക്കുന്നത്. തലാസീമിയ രോഗം ബാധിച്ച ആലുവ കുന്നത്തേരി സ്വദേശിയായ എം ബി ഷബ്നയ്ക്കാണ് ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചത്.
രണ്ട് മാസം മുമ്പാണ് ഹെപ്പറ്റൈറ്റിസ് ബി വൈറസായ എച്ചബിഎസ്എ ജിയുടെ സാന്നിധ്യം കണ്ടെത്തിയത്. വർഷങ്ങളായി ആലുവ ബ്ലഡ് ബാങ്കിൽ നിന്നാണ് രക്തം സ്വീകരിച്ചിരുന്നത്. ഹെപ്പറ്റൈറ്റീസ് വൈറസ് സാന്നിധ്യമറിയാനുള്ള എൻഎടി പരിശോധന ഇല്ലാതെ പോയതിന്‍റെ ഇരയാണ് ഷബ്നയെന്ന് കുടുംബം പറയുന്നു. ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും വൈറസ് ബാധ ആരോഗ്യം കൂടുതൽ പ്രതിസന്ധിയിലാക്കി ഹെപ്പറ്റൈറ്റിസ് സ്ഥിരീകരിച്ചതിന് ശേഷം കൊച്ചിയിൽ എൻഎടി ടെസ്റ്റുള്ള ബ്ലഡ് ബാങ്കിൽ നിന്നുമാണ് രക്തം കയറ്റുന്നത്.
ആലുവ ബ്ലഡ് ബാങ്കിൽ എൻഎറ്റി ടെസ്റ്റ് സൗകര്യമൊരുക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. ബ്ലഡ് ബാങ്ക് അധികൃതർ തന്നെ ഇപ്പോഴത്തെ അപകടാവസ്ഥ തുറന്നു പറയുന്നു. രക്ത സംബന്ധമായ അസുഖമുള്ളവർ പ്രധാനമായും ആശ്രയിക്കുന്നത് ആലുവ ബ്ലഡ് ബാങ്കിനെയാണ്. ആലുവക്ക് സമീപമുള്ള ആശുപത്രികളും എൻഎബിഎച്ച് അംഗീകാരമുള്ള സെന്‍ററിനെയാണ് രക്തത്തിനായി സമീപിക്കുന്നത്. എം ബി ഷബ്നയുടെ കുടുംബം ആരോഗ്യമന്ത്രി വീണ ജോർജ്ജിനും പരാതി നൽകിയിട്ടുണ്ട്.
അതേസമയം, എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് നിര്‍മ്മിക്കുന്ന ബ്ലഡ് ബാഗുകള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ (ബിഐഎസ്) അംഗീകാരം ലഭിച്ചു. ബ്ലഡ് ബാഗുകള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ ഗുണനിലവാരം മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള IS/ISO3826-1 ലൈസന്‍സ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായി മാറിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam