
ഇടുക്കി: മൂലമറ്റത്ത് തട്ടുകടയിൽ ഒരാൾ കൊല്ലപ്പെട്ട വെടിവെപ്പിൽ മറ്റൊരാളുടെ നില ഗുരുതരം. മൂലമറ്റം കീരിത്തോട് സ്വദേശി ബസ് ജീവനക്കാരൻ സനൽ സാബുവാണ് മരിച്ചത്. മറ്റൊരാൾക്ക് കൂടി വെടിയേറ്റിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയ ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. കടയിൽ ഭക്ഷണം കഴിക്കാനെത്തിയ ഒരാളാണ് വെടിയുതിർത്തത്. ഭക്ഷണത്തെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
പ്രതി തോക്കുമായി വന്ന് വെടിയുതിർക്കുകയായിരുന്നു. ഫിലിപ്പ് മാർട്ടിൻ എന്നയാളാണ് വെടിവച്ചത്. പ്രതിയെ മുട്ടം പൊലീസ് തിരച്ചിലിന് ഒടുവിൽ പിടികൂടി. ഇയാളെ കസ്റ്റഡിയിലെടുത്തു. മരിച്ച സനൽ സാബു ബസ് ജീവനക്കാരനാണ്. ഇയാളുടെ സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയാണ് ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രാത്രി മൂലമറ്റത്തെ തട്ടുകടയിൽ ഫിലിപ്പ് ഭക്ഷണത്തിന്റെ പേരിൽ ബഹളമുണ്ടാക്കി. നാട്ടുകാർ ഇടപെട്ട് ഇയാളെ വാഹനത്തിൽ കയറ്റിവിടാൻ ശ്രമിക്കുകയായിരുന്നു. പ്രകോപിതനായ ഇയാൾ വണ്ടിയിൽ തോക്കെടുത്ത ശേഷം അഞ്ച് റൌണ്ട് വെടിയുതിക്കുകയായിരു്നു. അതുവഴി സ്കൂട്ടറിൽ എത്തിയ സനലിന്റെ കഴുത്തിലാണു വെടിയേറ്റത്. തുടർന്ന് വാഹനത്തിൽ കടന്നുകളയാൻ ശ്രമിച്ച പ്രതി മുട്ടത്തു പൊലീസ് പിടിയിലാവുകയായിരുന്നു.
ദിലീപിന്‍റെ ഫോണിൽ നിന്ന് നീക്കിയതിൽ വിചാരണ കോടതിയിലെ രേഖകളും; പുറത്ത് പോകാൻ പാടില്ലാത്തതെന്ന് ഹാക്കറുടെ മൊഴി
കൊച്ചി: ദിലീപിന്‍റെ (Dileep) ഫോണിൽ നിന്ന് നശിപ്പിച്ച വിവരങ്ങളിൽ വിചാരണ കോടതി (Trial Court) രേഖകളും. ഒരിക്കലും പുറത്ത്പോകാൻ പാടില്ലാത്ത കോടതി രേഖകളാണ് ഇതെന്ന് അഭിഭാഷകൻ പറഞ്ഞതായി ഹാക്കർ സായ് ശങ്കറിന്‍റെ (Sai Shanker) മൊഴി. കോടതി രേഖകളിൽ ചിലത് സായ് ശങ്കറിന്‍റെ വീട്ടിൽ നിന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. ദിലീപിന്‍റെ ഫോണിൽ വിചാരണ കോടതി രേഖ അയച്ചതാരെന്നതിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി.അഭിഭാഷകരുടെ സാന്നിധ്യത്തിൽ ദിലീപിന്‍റെ രണ്ട് ഫോൺ താൻ കോപ്പി ചെയ്ത് നൽകിയെന്നാണ് സായ് നേരത്തെ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്.
ഇതിൽ ഒരു ഫോണിലായിരുന്നു കോടതി രേഖകൾ. മറ്റൊരു വാട്സ് ആപ് നമ്പറിൽ നിന്നാണ് ഈ രേഖകൾ അയച്ചിട്ടുള്ളത്. ഇത് ഒരിക്കലും പുറത്ത് വരാൻ പാടില്ലാത്ത കോടതി രേഖകളാണെന്ന് അഭിഭാഷകൻ പറഞ്ഞെന്ന് സായ് വ്യക്തമാക്കിയിട്ടുണ്ട്. ദിലീപ് ഈ ഘട്ടത്തിൽ അടുത്തുണ്ടായിരുന്നു. ഫോണിലെ വിവരങ്ങൾ നീക്കുന്നതിനിടെ ദിലീപ് അറിയാതെ ഫോൺ രേഖകൾ താൻ സ്വന്തം നിലയിൽ കോപ്പി ചെയ്ത വെച്ചെന്നും ഹാക്കർ മൊഴിനൽകിയിട്ടുണ്ട്. ഇത് എന്തിനാണെന്ന ചോദ്യത്തിന് ഹാക്കർ ഉത്തരം നൽകിയിട്ടില്ല.സായ് ശങ്കറിന്‍റെ ലാപ്ടോപ്പ് പരിശോധന നടത്തിയപ്പോൾ കോടതി രേഖകളിൽ ചിലത് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
സാക്ഷിമൊഴികളടക്കമുള്ള രേഖകളാണിത്. ഹാക്കറുടെ കൈവശം ദിലീപിന്‍റെ ഫോണിലെ കൂടുതൽ കോടതി രേഖകളുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.. എന്നാൽ ഇയാൾ ഒളിവിലായതിനാൽ ഇവ കണ്ടെത്താനായിട്ടില്ല. കോടതിയിൽ നിന്ന് അഭിഭാഷകർക്ക് പകർപ്പ് എടുക്കാൻ കഴിയാത്ത രേഖകളും ദിലീപിന്‍റെ ഫോണിൽ എത്തിയെന്നാണ് അനുമാനിക്കുന്നത്. ഇത് ആര് അയച്ചു നൽകി എന്നതിൽ വിശദമായ അന്വേഷണം വേണ്ടിവരും. ക്രൈം ബ്രാഞ്ച് ഹാജരാക്കാൻ ആവശ്യപ്പെട്ട ഒരു ഫോൺ കൈമാറാൻ ദിലീപ് തയ്യാറായിരുന്നില്ല. ഈ ഫോണിലേക്കാണോ കോടതി രേഖകൾ എത്തിയതെന്നും അന്വേഷിക്കുന്നുണ്ട്.