നെടുങ്കണ്ടം രാമക്കൽമേട്ടിലുണ്ടായ സംഘർഷത്തിൽ വിശദീകരണവുമായി സി പി എം

By Web TeamFirst Published Aug 3, 2021, 8:22 PM IST
Highlights

11 ാം വാർഡിലെ വാക്സിനേഷനെ സംബന്ധിച്ച് ഉയരുന്ന വിവാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് അംഗം വിജിമോൾ വിജയൻ പറഞ്ഞു..

ഇടുക്കി: നെടുങ്കണ്ടം രാമക്കൽമേട്ടിൽ കഴിഞ്ഞ ദിവസം നടന്ന സങ്കർഷം രാഷ്ട്രീയ പ്രേരിതമെന്നത് അടിസ്ഥാന രഹിതമെന്ന് സിപിഎം. സമൂഹ മാധ്യമങ്ങളിൽ ഉയർന്ന തർക്കങ്ങളെ തുടർന്നുണ്ടായ വ്യക്തിപരമായ കൈയേറ്റമാണെന്നും. രാഷ്ട്രീയ ലക്ഷ്യം വെച്ച് വിദ്യാർത്ഥികളെ പോലും കള്ള കേസിൽ കുടുക്കാനാണ് ബിജെപി ശ്രമിയ്ക്കുന്നതെന്നും സിപിഎം തൂക്കുപാലം നോർത്ത് കമ്മറ്റി പറഞ്ഞു. 

ബിജെപിയുമായി ആശയപരമായ വ്യത്യാസമാണ് സിപിഎമ്മിനുള്ളത്. നെടുങ്കണ്ടം പഞ്ചായത്തിലെ 10,  11 വാർഡുകളിൽ കഴിഞ്ഞ കുറച്ചു നാളുകളായി ബിജെപി പ്രകോപനപരമായ നിലപാടാണ് സ്വികരിയ്ക്കുന്നത്. എന്നാൽ ഇതിനെ കായിക പരമായി നേരിടുക എന്നത് സിപിഎമ്മിന്റെ നിലപാട് അല്ല. കഴിഞ്ഞ ദിവസം മേഖലയിൽ നടന്നത് തികച്ചും വ്യക്തിപരമായ പ്രശ്നങ്ങൾ ആണെന്നും അതിനെ രാഷ്ട്രീയ വത്കരിയ്ക്കാനാണ് ബിജെപി ശ്രമിയ്ക്കുന്നതെന്നു സിപിഎം തൂക്കുപാലം നോർത്ത് ലോക്കൽ സെക്രട്ടറി സി രാജശേഖരൻ വ്യക്തമാക്കി.

11ാം വാർഡിലെ വാക്സിനേഷനെ സംബന്ധിച്ച് ഉയരുന്ന വിവാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് അംഗം വിജിമോൾ വിജയൻ പറഞ്ഞു. ജാഗ്രതാ കമ്മറ്റിയുടെ നിർദേശപ്രകാരം വാക്സിനേഷൻ സുഗമമാക്കാനാണ് ടോക്കൺ വിതരണം ചെയ്തത്. തന്റെ മകനെ കള്ള കേസിൽ കുടുക്കാനാണ് ബിജെപി ശ്രമിയ്ക്കുന്നതെന്നും വിജിമോൾ പറഞ്ഞു. വിദ്യാർത്ഥികളെ പോലും കള്ളകേസിൽ കുടുക്കാനുള്ള ബിജെപിയുടെ ശ്രമം അംഗീകരിയ്ക്കാനാവില്ലെന്നും സിപിഎം നെടുങ്കണ്ടത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

click me!