സുഹൃത്തിനെ കൊലപ്പെടുത്തി മുങ്ങിയ പ്രതിയെ 8 വര്‍ഷത്തിനു ശേഷം ക്രൈംബ്രാഞ്ച് പിടികൂടി

By Web TeamFirst Published Jun 30, 2021, 10:58 PM IST
Highlights

വാക്കുതര്‍ക്കത്തെ തുടര്‍ന്ന്  തല്ലുണ്ടാവുകയും ശേഷം ഉറങ്ങിക്കിടന്ന ഇര്‍ഷാദിനെ വീടിനോട് ചേര്‍ന്നുണ്ടായിരുന്ന അര കല്ലെടുത്ത് പ്രമോദ് തലയ്ക്കടിച്ച്  കൊലപ്പെടുത്തുകയായിരുന്നു. രാത്രി തന്നെ കടന്നുകളയുകയും ചെയ്തു.
 

ചാരുംമൂട്: കൊലക്കേസ് പ്രതിയെ എട്ടുവര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ച് പിടികൂടി. പ്രതിയെ ചാരുംമൂട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ചാരുംമൂട്ടിലെ വര്‍ക് ഷോപ്പ് ജീവനക്കാരനായിരുന്ന പത്തനാപുരം കണ്ടള്ളൂര്‍  നവിതാ മന്‍സിലില്‍ ഇര്‍ഷാദ് മുഹമ്മദ് (24) നെ അരകല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തായ പത്തനാപുരം പുന്നല തച്ചക്കോട് ശശിഭവനത്തില്‍ പ്രമോദ് (44)നെയാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് സ്‌പെഷ്യല്‍ ടീം കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത്.

2013 ജൂണ്‍ 27 ന് രാത്രി ചാരുംമൂടിനു സമീപം പേരൂര്‍ക്കാരാണ്മയില്‍ ഇര്‍ഷാദ് താമസിച്ചിരുന്ന വാടക വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. 26 ന് ചാരുംമൂട്ടിലെത്തിയ പ്രമോദും ഇര്‍ഷാദും അന്ന് വാടക വീട്ടല്‍ താമസിച്ചു. പിറ്റേ ദിവസം പുറത്ത് പോയി പ്രമോദ് കൊണ്ടുവന്ന മൊബൈല്‍ ഫോണ്‍ വിറ്റ് ബാറില്‍ പോയി മദ്യപിച്ച് രാത്രിയോടെ ഇരുവരും മടങ്ങിയെത്തുകയും ചെയ്തു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന്  തല്ലുണ്ടാവുകയും ശേഷം ഉറങ്ങിക്കിടന്ന ഇര്‍ഷാദിനെ വീടിനോട് ചേര്‍ന്നുണ്ടായിരുന്ന അര കല്ലെടുത്ത് പ്രമോദ് തലയ്ക്കടിച്ച്  കൊലപ്പെടുത്തുകയായിരുന്നു. രാത്രി തന്നെ കടന്നുകളയുകയും ചെയ്തു.  

സംഭവം നടന്ന് മൂന്നാം ദിവസം വീട്ടുടമ പുരയിടത്തിലെത്തിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെയാണ്  കൊലപാതകം വിവരം പുറത്തറിഞ്ഞത്. സംഭവ ദിവസം ഇര്‍ഷാദിനൊപ്പം വാടക വീട്ടില്‍ കണ്ട അപരിചിതനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. സമീപമുള്ള ബാറിലെ സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ചപ്പോളാണ് പത്തനാപുരം സ്വദേശി  പ്രമോദാണ് ഇര്‍ഷാദിനൊപ്പം വാടക വീട്ടിലുണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നിലും ഇയാളെന്നായിരുന്നു പൊലീസ് നിഗമനത്തിലെത്തിയത്. 

എന്നാല്‍ നാടുമായോ വീടുമായോ ബന്ധമില്ലാതെ ജീവിക്കുന്ന ഇയാളെ കണ്ടെത്താന്‍ പൊലീസിനായില്ല. ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും പൊലീസിനെ കുഴക്കിയിരുന്നു. സംഭവം നടന്ന് രണ്ടു മാസത്തിനുള്ളില്‍ തന്നെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇയാള്‍ മുമ്പു ജോലി ചെയ്തിരുന്ന കണ്ണൂര്‍, കിളിമാനൂര്‍, ചടയമംഗലം തുടങ്ങിയ ക്വാറികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കിട്ടിയില്ല. തുടര്‍ന്ന് ഇയാളുടെ ഫോട്ടോ പതിച്ച നോട്ടീസുകള്‍ കേരളത്തിനകത്തും പുറത്തും പതിയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടെ തമിഴ്‌നാട്ടിലുള്ള  ബന്ധുവിനെ ചോദ്യം ചെയ്തതോടെ പ്രമോദ് ചെന്നൈയിലുള്ളതായി അറിഞ്ഞു. നിരന്തരമായ അന്വേഷണത്തിനൊടുവില്‍ തിരുപ്പൂരില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഇയാളെ പിടികൂടിയത്.

ഇന്ന് ഉച്ചയ്ക്ക് 1-30ളാടെ പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയ തെങ്ങനെയെന്ന് ഇയാള്‍ ക്രൈംബ്രാഞ്ചിന് കാട്ടി കൊടുത്തു. മദ്യപിച്ച് വഴക്കിട്ടപ്പോള്‍ തന്റെ അപകടം പറ്റിയ കാലില്‍ ഇര്‍ഷാദ് മര്‍ദ്ദിക്കുകയും കണ്ണിനിടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതാണ് വൈരാഗ്യമുണ്ടായതെന്ന് പ്രമോദ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ചാരുംമൂട്ടിലെ ഒരു മില്ലിനു സമീപം കിടന്നുറങ്ങിയ ശേഷം വെളുപ്പിന് ഉണര്‍ന്ന് പല വഴികളിലൂടെ നടന്ന് തിരുവല്ലയിലെത്തുകയും ട്രയിന്‍ കയറി കടന്നു കളയുകയായിരുന്നു. പ്രതിയെ ചാരുംമൂട്ടിലെ ബാറിലും, തട്ടുകടയിലും, മൊബൈല്‍ കടയിലുമെത്തിച്ചും തെളിവെടുപ്പ് നടത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!