ഫുട്ബോൾ വളർത്താൻ അക്കാദമി, മുഖ്യമന്ത്രിയുടെ പോസ്റ്റിൽ മലപ്പുറത്തെ സ്റ്റേഡിയങ്ങളുടെ അവസ്ഥ പറഞ്ഞ് ഇന്ത്യൻ താരം

By Web TeamFirst Published Sep 17, 2021, 3:28 PM IST
Highlights

കോടികൾ മുടക്കി പണികഴിപ്പിച്ച ഈ സ്റ്റേഡിയങ്ങൾ ഇന്ന് യാതൊരു ഫുട്ബോൾ മത്സരങ്ങളും നടത്താതെ വെറുതെ പൂട്ടിയിട്ടിരിക്കുകയാണ്. ഒരു ഫുട്ബോൾ പ്ലെയർ എന്ന നിലയിൽ അതിയായ സങ്കടമുണ്ട് ഈ കാര്യത്തിൽ. കാരണം...

മലപ്പുറം: സർക്കാറിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് മൂന്ന് ഫുട്ബോൾ അക്കാദമികൾ സ്ഥാപിക്കുമെന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മലപ്പുറത്തെ സ്റ്റേഡിയങ്ങളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ഇന്ത്യൻ ഫുട്ബോൾ താരം ആഷിക് കുരുണിയൻ. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിന്റെയും പയ്യനാട് ഫുട്ബോൾ സ്റ്റേഡിയത്തിന്റെയും ശോചനീയാവസ്ഥ യാണ് ആഷിക് ചൂണ്ടിക്കാട്ടിയത്. 

ആഷിക്കിന്റെ കമന്റ് ഇങ്ങനെ; "മലപ്പുറം ജില്ലയിൽ കോട്ടപ്പടി സ്റ്റേഡിയം, പയ്യനാട് സ്റ്റേഡിയം എന്നിവ കോടികൾ മുടക്കി പണികഴിപ്പിച്ച ഈ സ്റ്റേഡിയങ്ങൾ ഇന്ന് യാതൊരു ഫുട്ബോൾ മത്സരങ്ങളും നടത്താതെ വെറുതെ പൂട്ടിയിട്ടിരിക്കുകയാണ്. ഒരു ഫുട്ബോൾ പ്ലെയർ എന്ന നിലയിൽ അതിയായ സങ്കടമുണ്ട് ഈ കാര്യത്തിൽ. കാരണം ഞാൻ കളിച്ചു വളർന്ന ഗ്രൗണ്ട് കൂടിയാണ് കോട്ടപ്പടി സ്റ്റേഡിയം. ജില്ലാ സ്പോർട്സ് കൗൺസിലിന് കീഴിലുള്ള ഈ രണ്ട് സ്റ്റേഡിയങ്ങളുടെ യും ഇന്നത്തെ അവസ്ഥ  വളരെ ദയനീയമാണ്. കൃത്യമായി മെയിന്റനൻസ് വർക്കുകൾ നടക്കാത്തത് മൂലം ഗ്രൗണ്ടിൽ കാടുമൂടി കിടക്കുകയാണ്. ഇത് കാണുമ്പോൾ ഒരു ഫുട്ബോൾ പ്ലെയർ എന്ന നിലയിൽ അതിയായ ദുഃഖം ഉണ്ട്. കാരണം വരുംതലമുറയ്ക്ക് ഉപകാരപ്രദം ആവേണ്ട ഗ്രൗണ്ടുകൾ ആണ് ഇവ രണ്ടും. അങ്ങയുടെ ഭാഗത്തുനിന്ന് ഈ ഗ്രൗണ്ടിലെ നവീകരണത്തിനും രാജ്യാന്തര മത്സരങ്ങൾ കൊണ്ടുവരുന്നതിനും ശ്രദ്ധ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു".

 നിരവധി കായികപ്രേമികളാണ് കമന്റിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി കായിക-യുവജനകാര്യ ഡയറക്ടറേറ്റിൻ്റെ രണ്ട് അക്കാദമികള്‍ കണ്ണൂരിലും തിരുവനന്തപുരത്തും സംസ്ഥാന സ്‌പോട്‌സ് കൗണ്‍സിലിന്റെ അക്കാദമി എറണാകുളത്തുമാണ് പ്രവർത്തനം ആരംഭിക്കുന്നത്. കണ്ണൂര്‍, എറണാകുളം അക്കാദമികള്‍ വനിതകള്‍ക്ക് മാത്രമായാണ്.

click me!