
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസ് യാത്രക്കിടെ അപമാനിച്ചെന്ന കേസില്‍ പ്രതിക്ക് നാല് വര്‍ഷം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. മലപ്പുറം എടപ്പാള്‍ സ്വദേശി ജബ്ബാറിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. 2019 ഡിസംബര്‍ ആറിനായിരുന്നു പരാതിക്കിടയാക്കിയ ആക്രമണമുണ്ടായത്. പാലക്കാട് ഗുരുവായൂര്‍ പാതയില്‍ ഓടുന്ന ബസില്‍ കണ്ടക്ടറായിരുന്ന എടപ്പാള്‍ സ്വദേശി ജബ്ബാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിച്ചുവെന്നതാണ് കേസ്.
പരാതിയുടെ അടിസ്ഥാനത്തില്‍ പട്ടാമ്പി പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. പ്രതിക്ക് നാല് വര്‍ഷം കഠിന തടവും അന്‍പതിനായിരം രൂപയുമാണ് ശിക്ഷ വിധിച്ചത്. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണം. പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാറിന്റേതാണ് വിധി. പട്ടാമ്പി എസ് ഐ ആയിരുന്ന അബ്ദുള്‍ ഹക്കീമാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് പതിനൊന്ന് സാക്ഷികളെ വിസ്തരിച്ചു. പതിനാറ് രേഖകള്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി നിഷ വിജയകുമാര്‍ ഹാജരായി.
അതേസമയം കഴിഞ്ഞ ദിവസം, 13 കാരിയേയും 12 കാരനേയും ലൈംഗീകമായി പീഡിപ്പിച്ച പാസ്റ്റർക്ക് കോടതി ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ബാലരാമപുരം സ്വദേശി ജോസ് പ്രകാശിനെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. 2016ൽ മഞ്ചേരി പുല്ലുരുള്ള പരാതിക്കാരിയുടെ വീട്ടിൽ വച്ചും, പെരിന്തൽമണ്ണയിലുള്ള കുടുംബസുഹൃത്തിന്റെ വീട്ടിൽ വച്ചുമാണ് കേസിനസ്പദമായ സംഭവം നടന്നത്.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് കാലത്ത് പോക്സോ കേസുകളുടെ എണ്ണം കുത്തനെ കൂടി എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ലോക്ഡൗണിൽ കുട്ടികൾ വീട്ടുകാര്‍ക്കൊപ്പം കഴിഞ്ഞ കാലയളവിൽ തന്നെയായിരുന്നു കൂടുതൽ പീഡനങ്ങളും നടന്നത്. ഗർഭച്ഛിദ്രത്തിന് അനുമതി തേടി അടുത്തിടെ ഹൈക്കോടതിയിലെത്തിയ പോക്സോ കേസുകളിലെ വലിയൊരു ശതമാനം ഇരകൾ ആക്രമിക്കപ്പെട്ടതും സ്വന്തം വീടുകാരിൽ നിന്ന് തന്നെയാണ് എന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കിയ വിവരാവകാശ രേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
Read More : ഐഎസ് കേസ്: അബു മറിയത്തിന് 23 വർഷം കഠിന തടവ്, വിധി എൻഐഎ കോടതിയുടേത്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam