
ആലപ്പുഴ: ഭർത്താവ് മരിച്ച, ഭിന്നശേഷിക്കാരായ മൂന്ന് മക്കളുടെ അമ്മക്ക് ലൈഫ് മിഷൻ പദ്ധതിയിലൂടെ നൽകിയ വസ്തുവിന് വഴി നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ചേർത്തല തണ്ണീർമുക്കം സ്വദേശിനി ചിത്രലേഖയുടെ പരാതി അടിയന്തിരമായി പരിഹരിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആലപ്പുഴ ജില്ലാ കളക്ടർക്കും തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും നിർദ്ദേശം നൽകി.
ഭർത്താവ് മരിച്ച ശേഷം ചിത്രലേഖയെ ഭർത്തൃ വീട്ടുകാർ ഉപേക്ഷിക്കുകയായിരുന്നു. അതോടെ ചിത്രലേഖക്കും മക്കൾക്കും വീടില്ലാതായി. ഇവരുടെ ദൈന്യ സ്ഥിതി മനസിലാക്കിയ തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് 3.5 സെന്റ് സ്ഥലം അനുവദിച്ചു. കെട്ടിട നിർമ്മാണം ആരംഭിക്കാനിരിക്കെ വസ്തുവിലേക്ക് കടക്കാൻ വഴിയില്ലെന്ന് പറഞ്ഞ് അയൽവാസി നിർമ്മാണം തടസ്സപ്പെടുത്തി.
നിർദ്ധന കുടുംബത്തിന് വീട് നിർമ്മിക്കാൻ വസ്തു അനുവദിക്കുമ്പോൾ വഴി നൽകേണ്ടത് പഞ്ചായത്തിന്റെ കടമയാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വഴിയില്ലാത്ത വസ്തു നൽകുന്നത് മനുഷ്യാവകാശ ലംഘനമാണ്. പരാതി പരിഹരിച്ച ശേഷം 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam