
മാന്നാർ: ഓട്ടുപാത്രങ്ങളുടെ നാടായ മാന്നാറിലെ ഓട്ടുപാത്രനിർമ്മാണ, വ്യവസായമേഖലയും വ്യാപാര സ്ഥാപനങ്ങളും പ്രതിസന്ധിയിൽ. ആരാധനാലയങ്ങൾക്കാവശ്യമായ മണികൾ, കൊടിമരം, വിഗ്രഹങ്ങൾ, ചെമ്പ്, വാർപ്പ്, ഉരുളി എന്നിവയും വിട്ടാവശ്യങ്ങൾക്കുള്ള ഓട്ടുപാത്രങ്ങൾ, നിലവിളക്ക് എന്നിവയാണ് കുടുതലും മാന്നാറിൽ നിർമ്മിച്ചിരുന്നത്.
പരമ്പരാഗത രീതിയിൽ ഒട്ടുപാത്ര നിർമ്മാണം നടക്കുന്ന മേഖലയാണ് മാന്നാർ. ലോക് ഡൗണിൽ ആരാധനാലയങ്ങൾ അടയ്ക്കുകയും, കല്യാണങ്ങളും മറ്റ് ആഘോഷങ്ങളും ഇല്ലാതാകുകയും ചെയ്തതോടെ ഈ മേഖലയിൽ കച്ചവടം കുറഞ്ഞു. ഇതോടെ വ്യാപാരികളും, ഓട്ടുപാത്രനിർമ്മാണ തൊഴിലാളികളും ദുരിതത്തിലായി.
നാൽപ്പത്തി അഞ്ചോളം വ്യാപാര സ്ഥാപനങ്ങളും അതിലെ തൊഴിലാളികളും കൂടാതെ നൂറ്റി അമ്പതോളം കരകൗശല തൊഴിലാളികളും ഉൾപ്പടെ ഈ മേഖലയിൽ പ്രവർത്തിക്കുന്നു. മാന്നാറിനെ വിശ്വവിഖ്യാതമാക്കിയത് ഒട്ടുപാത്ര, വെങ്കലപാത്ര, കരകൗശല നിർമ്മാണ വിതരണ വ്യാപാര മേഖലയാണ്.
ലോക്ക്ഡൗൺ കാലത്ത് മറ്റു വ്യാപാര സ്ഥാപനങ്ങൾ പല ദിവസങ്ങളിലും തുറക്കാൻ അനുവദിച്ചിരുന്നെങ്കിലും മാന്നാറിലെ ഓട്ടുപാത്ര മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുവാൻ അനുമതിയുണ്ടായിരുന്നില്ല. ഈ കോവിഡ് കാല പ്രതിസന്ധിയിൽ മറ്റുള്ള മേഖലക്ക് നൽകുന്ന അതേ ആനുകൂല്യങ്ങൾ അധികൃതർ ഈ മേഖലക്കും നൽകണമെന്ന് ബെൽ മെറ്റൽ മാനുഫാക്ചേഴ്സ് അസോസിയേഷനു വേണ്ടി ആർ വെങ്കിടാചലം പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam