ക്ഷേത്രത്തിന്‍റെ ഓഫീസ് കുത്തിത്തുറന്ന് പണം അപഹരിച്ചു

By Web TeamFirst Published Jul 23, 2019, 10:06 PM IST
Highlights

മുമ്പും പല തവണ ഈ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ നിന്നും പണം നഷ്ടമായിട്ടുള്ളതായി ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.

കായംകുളം: ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് പണം അപഹരിച്ചു. കായംകുളം പുതിയിടം ക്ഷേത്രക്കുളത്തിന് തെക്കുവശം ഒറ്റക്കാലില്‍ ഭഗവതി ക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മോഷണം നടന്നത്. രാവിലെ ഇവിടെയെത്തിയ ക്ഷേത്ര ജീവനക്കാരാണ് മോഷണവിവരം അറിയുന്നത്. 

ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ഓഫീസിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറിയ മോഷ്ടാക്കള്‍ ഇതിനുളളില്‍ സൂക്ഷിച്ചിരുന്ന രണ്ട് കാണിക്കവഞ്ചികളില്‍ നിന്ന് 5000 രൂപയോളം അപഹരിച്ചു. മുമ്പും പല തവണ ഈ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ നിന്നും പണം നഷ്ടമായിട്ടുള്ളതായി ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ പരിസരത്തെ സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചു അന്വേഷണം നടത്തുകയാണെന്ന് കായംകുളം പോലീസ് അറിയിച്ചു. 

മഴക്കാലം ആരംഭിച്ചതോടെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള കവര്‍ച്ച വ്യാപകമായിരിക്കുകയാണ്. ആഴ്ചകള്‍ക്കുമുമ്പ് കുറ്റിത്തരിവ് മുസ്‌ലിം ജമാഅത്തിന്റെ ഓഫീസ് കുത്തിതുറന്നും, കറ്റാനത്തിന് സമീപം ക്ഷേത്രത്തില്‍ നിന്നും പണം അപഹരിച്ചിരുന്നു. കൂടാതെ ആരാധനാലയങ്ങളുടെ പരിസരത്തുള്ള  ചന്ദന മരങ്ങളും ഇതിനോടകം അപഹരിച്ചിട്ടുണ്ട്. ഇതിലെ ഒരു പ്രതികളെ പോലും പിടിക്കാന്‍ പോലീസിന് ഇത് വരെ കഴിഞ്ഞിട്ടില്ല. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന മോഷണ പരമ്പരയില്‍ പരിഭ്രാന്തരായ ജനങ്ങള്‍ക്ക് പോലീസിന്റെ നടപടികളില്‍ ശക്തമായ പ്രതിഷേധമുണ്ട്.

click me!