
തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിനു പുറത്തുള്ള ദീപസ്തംഭത്തിന് സമീപത്തെയും നാലമ്പലത്തിനകത്ത് ശ്രീകോവിലിന് സമീപത്തെയും ഭണ്ഡാരങ്ങളിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. ഒരു ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. മോഷ്ടാക്കൾ ഭണ്ഡാരം കവർന്ന രീതിയാണ് ശ്രദ്ധേയം. ഭണ്ഡാരത്തിൻ്റെ പുറത്തെ താഴ് പൊളിച്ചുമാറ്റിയ ശേഷം, മോഷ്ടാക്കൾ സ്വന്തമായി കൈവശം കരുതിയ മറ്റൊരു താഴ് കൊണ്ട് ഭണ്ഡാരം പൂട്ടി വെക്കുകയായിരുന്നു. ഈ പുതിയ താഴ് പഴയപടി പട്ടുതുണികൊണ്ട് പൊതിഞ്ഞ് കെട്ടിവെച്ചതിനാൽ പുറത്തുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടില്ല. ഈ രീതി ഉപയോഗിച്ച് മോഷ്ടാക്കൾ പലപ്പോഴായി സ്വന്തം താക്കോൽ ഉപയോഗിച്ച് പൂട്ട് തുറന്ന് പണം കൊണ്ടുപോയിരിക്കാം എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
മോഷണം അറിയുന്നത് നാലര മാസത്തിനു ശേഷം
കഴിഞ്ഞ നാലര മാസത്തിനു ശേഷം ഭണ്ഡാരങ്ങൾ തുറക്കാനെത്തിയ ദേവസ്വം അധികൃതരാണ് മോഷണവിവരം അറിയുന്നത്. കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ തിരുവഞ്ചിക്കുളം ഗ്രൂപ്പ് ദേവസ്വത്തിന് കീഴിലുള്ള ഈ ക്ഷേത്രത്തിൽ കഴിഞ്ഞ ജൂൺ 20-നാണ് അവസാനമായി ഭണ്ഡാരങ്ങൾ തുറന്നത്. ഇതിന് ശേഷമുള്ള രാമായണമാസാചരണം, ഓണം, നവരാത്രി ആഘോഷം, തൊട്ടടുത്ത രാമപുരം ക്ഷേത്രത്തിലെ ഭാഗവത സപ്താഹം എന്നിവ നടന്ന ഈ കാലയളവിൽ ധാരാളം ഭക്തർ ക്ഷേത്രത്തിൽ എത്തിയിരുന്നു.
ദേവസ്വം അസി. കമ്മീഷണർ എം.ആർ. മിനി, ദേവസ്വം ഓഫീസർ പി.കെ. അഭിലാഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം ഭണ്ഡാരം തുറക്കാൻ എത്തിയത്. പൂട്ട് തുറക്കാൻ കഴിയാതെ വന്നപ്പോൾ അധികൃതർ തുരുമ്പെടുത്തതാണെന്ന് ധാരണയിൽ ബലംപ്രയോഗിച്ച് പൂട്ട് തുറക്കുകയായിരുന്നു. അപ്പോഴാണ് അകത്തെ പൂട്ട് തുറന്നു കിടക്കുന്നതും, നിറയെ പണം പ്രതീക്ഷിച്ച സ്ഥാനത്ത് കുറച്ച് ചില്ലറ മാത്രമാണ് കാണാനായതും. നാലമ്പലത്തിനകത്തെ ഭണ്ഡാരത്തിൽ നിന്ന് ഏകദേശം 200 രൂപയോളമാണ് അവശേഷിച്ചിരുന്നത്. തുടർന്ന് ക്ഷേത്ര സമിതി ഭാരവാഹികൾ പോലീസിൽ പരാതി നൽകി. ദേവസ്വം സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത എന്നിവരും വെള്ളിയാഴ്ച സ്ഥലത്തെത്തി. വരന്തരപ്പിള്ളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.