
കൊച്ചി: അറക്കപ്പടി വില്ലേജ് ഓഫീസിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി ബിനോയ് ആണ് പിടിയിലായത്. പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കള്ളനെ പിടികൂടിയത്.
സ്ഥിരം കള്ളനാണ് അയ്യമ്പുഴ സ്വദേശിയായ ബിനോയ്. അറക്കപ്പടി വില്ലേജ് ഓഫീസിൽ തന്നെ രണ്ട് വട്ടമാണ് ബിനോയ് കയറിയതും മോഷ്ടിച്ചതും. ആദ്യത്തെ മോഷണം ജൂണിലായിരുന്നു. ലാപ്ടോപ് മോഷ്ടിച്ചതിന് മൂന്ന് മാസത്തെ ജയിൽ വാസം കഴിഞ്ഞ് പുറത്തിറങ്ങിയത് സെപ്തംബറിലാണ്. ഒരു മാസം തികഞ്ഞില്ല. അതേ സ്ഥലത്ത് പിന്നെയും മോഷ്ടിക്കാൻ കയറി. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ മാസം മുപ്പതിനായിരുന്നു മോഷണം. വില്ലേജ് ഓഫീസിന്റെ വാതിൽ കുത്തിത്തുറന്ന് കയറി ബാറ്ററി മോഷ്ടിച്ചു. എന്നാൽ മോഷണത്തിനെത്താൻ ഉപയോഗിച്ച സ്കൂട്ടറാവട്ടെ ഹൈക്കോടതി ഭാഗത്ത് നിന്ന് മോഷ്ടിച്ചതുമായിരുന്നു. അതു കഴിഞ്ഞ മാസം 25നായിരുന്നു. തീർന്നില്ല, കേരളപ്പിറവി ദിവസം അതായത് കഴിഞ്ഞ വെള്ളിയാഴ്ച ഒരു വർക്ക് ഷോപ്പ് കുത്തിപൊളിച്ച് അകത്ത് കയറി മറ്റൊരു സ്കൂട്ടറും മോഷ്ടിച്ചിട്ടുണ്ട്. അതേസമയം, മോഷ്ടിച്ച രണ്ട് സ്കൂട്ടറുകളും പൊലീസ് കണ്ടെടുത്തു.
വില്ലേജ് ഓഫീസിൽ നിന്ന് കട്ട ബാറ്ററി കൊച്ചി മാർക്കറ്റ് ഭാഗത്തെ ആക്രിക്കടയിൽ നിന്നും വീണ്ടെടുത്തിട്ടുണ്ട്. പെരുമ്പാവൂർ, കാലടി, ചാലക്കുടി തുടങ്ങി എറണാകുളം സെൻട്രൽ വരെയുള്ള വിവിധ സ്റ്റേഷനുകളിലായി മുപ്പതോളം മോഷണക്കേസുകളിലെ പ്രതിയാണ് നാൽപതുകാരനായ ബിനോയ്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam