തിരുനല്ലൂർ സഹകരണബാങ്ക് തിരഞ്ഞെടുപ്പ്; സിപിഎമ്മിലെ പോര് മുറുകി

By Web TeamFirst Published Dec 14, 2018, 7:34 PM IST
Highlights

നിലവിലെ ബാങ്ക് പ്രസിഡന്റ് വി ടി പുരുഷോത്തമൻ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ വി ആർ ഹരിദാസ്, മനോജ് എന്നിവരാണ് പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് പത്രിക നൽകിയിരിക്കുന്നത്. നിലവിലെ മൂന്ന് ഭരണസമിതിയംഗങ്ങളും ഇവർക്കൊപ്പമുണ്ട്. സിപിഎമ്മിന് മേധാവിത്വമുള്ളതാണ് ബാങ്ക്. സിപിഐ യ്ക്ക് ഭരണസമിതിയിൽ മൂന്ന് അംഗങ്ങളുണ്ട്. കോൺഗ്രസും ബി ജെ പിയും മത്സരരംഗത്തേയില്ല

ചേർത്തല: സിപിഎം ചേർത്തല ഏരിയ കമ്മിറ്റിയിലെ പോര് മറനീക്കി പുറത്തുവരുന്നു. പള്ളിപ്പുറം തെക്ക് ലോക്കൽ കമ്മിറ്റി പരിധിയിൽ വരുന്ന തിരുനല്ലൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇരുവിഭാഗവും നേരിട്ടുള്ള പോരിന് കളമൊരുങ്ങിയിരിക്കുകയാണ്. പാർട്ടി ഔദ്യോഗിക പാനലിനെതിരേ ആറുപേരാണ് നോമിനേഷൻ നൽകിയിരിക്കുന്നത്.

നിലവിലെ ബാങ്ക് പ്രസിഡന്റ് വി ടി പുരുഷോത്തമൻ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ വി ആർ ഹരിദാസ്, മനോജ് എന്നിവരാണ് പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് പത്രിക നൽകിയിരിക്കുന്നത്. നിലവിലെ മൂന്ന് ഭരണസമിതിയംഗങ്ങളും ഇവർക്കൊപ്പമുണ്ട്. സിപിഎമ്മിന് മേധാവിത്വമുള്ളതാണ് ബാങ്ക്. സിപിഐ യ്ക്ക് ഭരണസമിതിയിൽ മൂന്ന് അംഗങ്ങളുണ്ട്. കോൺഗ്രസും ബി ജെ പിയും മത്സരരംഗത്തേയില്ല.

പാർട്ടിനേതൃത്വം ഏകപക്ഷീയമായും വിഭാഗീയമായും സ്ഥാനാർഥിനിർണയം നടത്തിയെന്ന് പ്രാദേശികനേതൃത്വത്തിന്റെ അഭിപ്രായങ്ങൾ പരിഗണിച്ചില്ലെന്നുമാണ് എതിർസ്വരമുയർത്തുന്നവരുടെ വാദം. പഴയ പിണറായി പക്ഷത്തോട് കൂറുപുലർത്തുന്നവരാണ് മത്സരരംഗത്ത് വന്നിരിക്കുന്നത്. തുടർച്ചയായി മത്സരിക്കുന്നവരെ മാത്രം മാറ്റി ഇക്കുറി ജനകീയപാനലാണ് പാർട്ടിയൊരുക്കിയതെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വാദം.

ലോക്കൽ കമ്മിറ്റി നിശ്ചയിച്ച പാനലാണ് ഏരിയ കമ്മിറ്റി അംഗീകരിച്ചതെന്നും ഇവർ പറയുന്നു. ഇരുവിഭാഗങ്ങളും തുറന്ന പോരിനിറങ്ങിയതോടെ പ്രശ്നപരിഹാരത്തിന് പാർട്ടി ജില്ലാ നേതൃത്വം രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുള്ളിൽ തർക്കങ്ങളില്ലെന്നും പലരും നോമിനേഷൻ നൽകുന്നത് സ്വാഭാവിക നടപടി മാത്രമാണെന്നും മത്സരത്തിന് സാധ്യതകളില്ലെന്നുമാണ് പാർട്ടിനേതൃത്വം പറയുന്നത്.

click me!