
തിരുവനന്തപുരം: ഇലട്രിക് ബസുകളുടെ സർവീസുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി.- കോർപ്പറേഷൻ തർക്കത്തിൽ ചർച്ചകളിലൂടെ പരിഹാരമായതോടെ കൂടുതൽ റൂട്ടുകളിലേക്ക് ഇ ബസ് സർവീസ് നടത്താൻ തീരുമാനമായി. ആദ്യഘട്ടമായി വിവിധ കൗൺസിലർമാർ നിർദേശിച്ച 23 റൂട്ടുകളിലാണ് സർവീസ് തുടങ്ങുന്നതെന്ന് മേയർ വിവി രാജേഷ് അറിയിച്ചു. ആന്‍റണി രാജു മന്ത്രിയായിരുന്നപ്പോഴാണ് സർക്കുലർ സർവീസുകൾ ഇടറോഡുകളിൽ ഓടിത്തുടങ്ങിയത്.
കെ.ബി.ഗണേഷ് കുമാർ എത്തിയതോടെ ഇതെല്ലാം പിൻവലിക്കുകയും നിരക്ക് കുത്തനെ കൂട്ടുകയും ചെയ്തു. ഗണേഷ് കുമാറുമായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചർച്ചകളിലാണ് ശനിയാഴ്ച മുതൽ പുതിയ സർവീസുകൾ തുടങ്ങാൻ തീരുമാനമായത്. രാവിലേയും വൈകീട്ടും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകൾ പുതിയ റൂട്ടുകളിലൂടെ ഓടിക്കുക. നിലവിൽ കെഎസ്ആർടിസി സർവീസ് ഇല്ലാത്ത വഴികളാണ് ഭൂരിഭാഗം കൗൺസിലർമാരും നിർദേശിക്കുന്നത്.
നഗരത്തിൽ പൊതുഗതാഗത സംവിധാനം കുറവായ ഇടറോഡുകളിലൂടെ ഓടാൻ സൗകര്യത്തിനാണ് ചെറിയ ബസുകൾ വാങ്ങിയത്. എന്നാൽ ഇത് നഗരത്തിൽനിന്ന് മാറ്റി മറ്റു സ്ഥലങ്ങളിലേക്ക് ഓടിച്ചതിനെതിരേ കോർപ്പറേഷൻ രംഗത്തെത്തിയത് മേയറും മന്ത്രിയും തമ്മിൽ വാഗ്വാദത്തിൽ എത്തിയിരുന്നു. വിവാദം നീണ്ടുപോയതോടെ മന്ത്രിയും മേയറും തമ്മിൽ നടത്തിയ ചർച്ചകളിലാണ് ബസുകൾ വീണ്ടും എത്തിക്കാൻ തീരുമാനം.
കോർപ്പറേഷൻ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളുടെ ഇടയിൽ നിന്ന് ഉയർന്ന് വന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇട റോഡുകളിലൂടെ ചെറിയ ബസുകൾ ഓടിയ്ക്കണമെന്നുള്ളതെന്ന് മേയർ വി.വി രാജേഷ് പറഞ്ഞു. പുതിയ ഭരണ സമിതി അധികാരത്തിൽ വന്ന ആദ്യ ദിനങ്ങളിൽ തന്നെ ഇക്കാര്യത്തിൽ ഇടപെടാൻ തൂടങ്ങിയിരുന്നു. മാധ്യമ വാർത്തകളോട് എല്ലാം പ്രതികരിയ്ക്കാൻ ശ്രമിച്ചില്ല. എന്നാൽ ഇടറോഡുകളിലൂടെ ചെറിയ ബസ് വേണമെന്ന ആവശ്യമുന്നയിച്ച 29 കൗൺസിലർമാരിൽ നിന്നും കത്ത് വാങ്ങി ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച കളുടെ അടിസ്ഥാനത്തിൽ 23 റൂട്ടുകളിൽ ഇലക്ട്രിക് ബസുകൾ ഓടിയ്ക്കുവാൻ തീരുമാനമായി.
ശനിയാഴ്ച രാവിലെ 7.30 ന് കൊടുങ്ങാനൂർ വാർഡിലെ കുലശേഖരത്തുനിന്ന് കുരുവിക്കാട്,തിട്ടമംഗലം,കുന്നൻപാറ,കുന്നൻപാറ,കുണ്ടമൺകടവ് വഴി കിഴക്കേക്കോട്ടയിലേയ്ക്ക് ആദ്യ സർവ്വീസ് ആരംഭിയ്ക്കും.തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് വാർഡുകളിലെ റൂട്ടുകളിലും ബസുകൾ ഓടിത്തുടങ്ങും.മറ്റ് പല കൗൺസിലർമാരും ആവശ്യവുമായി ഇന്നലെയും,ഇന്നുമായി സമീപിച്ചിരുന്നു.ഇപ്പോൾ നിശ്ചയിച്ച 23 സർവ്വീസുകൾ ആരംഭിച്ച ശേഷം പുതിയ സർവ്വീസുകൾ ആവശ്യമെങ്കിൽ ഗതാഗത വകുപ്പുമായി വീണ്ടും ചർച്ച നടത്തും.ജനങ്ങൾക്ക് നല്കിയ ഉറപ്പ് പാലിയ്ക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്നും മേയർ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam