
തിരുവനന്തപുരം: തലസ്ഥാനത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴയിൽ നഗരം മുങ്ങിയതിൽ കോര്‍പറേഷനെ ന്യായീകരിച്ച് മേയര്‍ വി വി രാജേഷ്. കോര്‍പറേഷൻ മാത്രം വിചാരിച്ചാൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകില്ലെന്നാണ് മേയർ പറയുന്നത്. ഒൻപത് വകുപ്പുകൾ ഒന്നിച്ച് പ്രവർത്തിക്കേണ്ട കാര്യമാണ് കോർപ്പറേഷൻ ഒറ്റക്ക് ചെയ്യണമെന്ന് പറയുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനം വേണം. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും വി വി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പല കാലങ്ങളിലുണ്ടായ അശാസ്ത്രീയമായ നിര്‍മാണം കൊണ്ട് സംഭവിച്ചതാണെന്ന് മേയര്‍ പറഞ്ഞു. ഒറ്റ നിമിഷം കൊണ്ട് ഇത് പരിഹരിക്കാൻ കഴിയില്ല. പക്ഷേ അതിനുള്ള മെക്കാനിസമുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ഒരു പ്ലാൻ തയാറാക്കിയിട്ടുണ്ട്. ആമയിഴഞ്ചാൻ തോടും പാര്‍വതിപുത്തനാറും പൂര്‍ണമായും ജലസേചന വകുപ്പിന്‍റെ ഉത്തരവാദിത്തത്തിലുള്ളതാണ്. അവയ്ക്ക് മുകളിൽ സ്ലാബിട്ടാൽ പ്രശ്നം അവസാനിക്കും. അതിന് കോർപറേഷൻ മുൻകൈയെടുക്കാം. പക്ഷേ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പദ്ധതികളുമായി ബന്ധപ്പെടുത്തി ഫണ്ട് ഉണ്ടാകണം. അതുപോലെ വിദഗ്ധ ഉപദേശം വേണം. ഇന്നലത്തെ മഴയിൽ കോര്‍പറേഷന്‍റെ ഉടമസ്ഥതയിലുള്ള ഒരു ഓടയിലും വെള്ളം കയറിയില്ലെന്നും മേയര്‍ അവകാശപ്പെട്ടു. ആമയിഴഞ്ചാൻ തോടിന്‍റെയും പാര്‍വതിപുത്തനാറിന്‍റെയും കാര്യം ജലസേചന വകുപ്പ് ചെയ്താൽ ഇപ്പോഴുള്ള പ്രശ്നം പരിഹരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വെള്ളക്കെട്ടിൽ ജനങ്ങൾ പൊറുതിമുട്ടിയ അവസ്ഥയാണ് ശനിയാഴ്ച തലസ്ഥാന നഗരത്തിൽ കണ്ടത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ കിഴക്കേക്കോട്ട ബസ് സ്റ്റാൻഡും പഴവങ്ങാടി റോഡും തമ്പാനൂരും ചാക്കയുമെല്ലാം വലിയ തോതിലുള്ള വെള്ളക്കെട്ടിൽ മുങ്ങിയ നിലയിലായിരുന്നു. ആമയിഴഞ്ചാൻ തോടിന്റെ കൈവഴികൾ നിറഞ്ഞൊഴുകിയതും ഓടകളിൽ മാലിന്യം വന്ന് മൂടിയതും നഗരത്തെ മണിക്കൂറുകളോളം ദുരിതത്തിലാക്കി. ഒരു ചെറിയ മഴ പെയ്താൽ പോലും നഗരത്തിൽ അഴുക്കുവെള്ളം നിറയുന്ന പതിവ് സ്ഥിതിക്ക് ഇത്തവണയും മാറ്റമുണ്ടായില്ല. കിഴക്കേക്കോട്ടയിൽ യാത്രക്കാർക്ക് നിൽക്കാൻ പോലും ഇടമില്ലാത്ത സാഹചര്യമാണ് ഉണ്ടായത്. പഴവങ്ങാടി ക്ഷേത്രത്തിന് മുന്നിൽ മുട്ടിന് മുകളിൽ വെള്ളം ഉയർന്നതോടെ സമീപത്തെ കടകളിലും വെള്ളം കയറി. തോടുകളിലൂടെയും ഓടകളിലൂടെയും വെള്ളം തടസ്സമില്ലാതെ ഒഴുകാൻ മുൻകൂട്ടി ചെയ്ത പണികളെല്ലാം വെറുതെയായോ എന്ന ചോദ്യം ഇതോടെ ശക്തമായിട്ടുണ്ട്. ഒരു ദിവസം മഴ തകർത്ത് പെഴ്തപ്പോൾ തന്നെ ഇതാണ് അവസ്ഥയെങ്കിൽ യഥാർത്ഥ കാലവർഷം എത്തുമ്പോൾ നഗരത്തിന്റെ സ്ഥിതി എന്താകുമെന്ന ചോദ്യമാണ് തലസ്ഥാന വാസികൾ ഒരേ സ്വരത്താൽ ഉയർത്തുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam