തലസ്ഥാനത്തെ നടുക്കിയ കൊല; ഒന്നര വര്‍ഷം മുമ്പത്തെ ആക്രമണത്തിന്‍റെ പ്രതികാരം; പ്രതി ജീവന് വേണ്ടി തെരച്ചില്‍

By Web TeamFirst Published Mar 25, 2019, 6:26 PM IST
Highlights

കൊല്ലപ്പെട്ട അനിൽ ഒന്നര വർഷം മുൻപ് ജീവന്റെ വീട് കയറി ആക്രമണം നടത്തിയിരുന്നു. അനിലിന്റെ മർദനത്തിൽ  ജീവന്റെ അച്ഛനും സഹോദരിക്കും പരിക്ക് പറ്റി. ഈ സംഭവത്തോടെ ഇരുവരും ശത്രുതയിലാകുകയായിരുന്നു. ഈ പകയാണ് മദ്യലഹരിയിൽ അനിലിനെ കൊലപ്പെടുത്താൻ ജീവന് പ്രേരണയായത് എന്നാണ് നിഗമനം

തിരുവനന്തപുരം: ഇന്നലെ രാത്രി തലസ്ഥാന നഗരിയെ നടുക്കിയ കൊലപാതകത്തിന് പിന്നിൽ വ്യക്തി വൈരാഗ്യവും മദ്യലഹരിയും. ഒന്നര വർഷം മുൻപ് നടന്ന വീടുകയറിയുള്ള അക്രമം കലാശിച്ചത് കൊലപാതകത്തിൽ. ഞായറാഴ്ച രാത്രി 11 മണിയോടെ ബാർട്ടൻ ഹിൽ കോളനി നിവാസിയായ അനിൽ എസ് പി(38)യെ വെട്ടികൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്. ഒന്നര വർഷം മുൻപ് നടന്ന വീടുകയറിയുള്ള അക്രമം ആണ് ഇപ്പോൾ കൊലപാതകത്തിൽ കലാശിച്ചിരിക്കുന്നത് എന്നാണ് വിവരം.

കൊല്ലപ്പെട്ട അനിൽ ഒന്നര വർഷം മുൻപ് ജീവന്റെ വീട് കയറി ആക്രമണം നടത്തിയിരുന്നു. അനിലിന്റെ മർദനത്തിൽ  ജീവന്റെ അച്ഛനും സഹോദരിക്കും പരിക്ക് പറ്റി. ഈ സംഭവത്തോടെ ഇരുവരും ശത്രുതയിലാകുകയായിരുന്നു. ഈ പകയാണ് മദ്യലഹരിയിൽ അനിലിനെ കൊലപ്പെടുത്താൻ ജീവന് പ്രേരണയായത് എന്നാണ് നിഗമനം. അനിലിനെ ക്രൂരമായി വെട്ടിപരിക്കേല്പിച്ച ശേഷം ജീവൻ കടന്നുകളയുകയായിരുന്നു. രക്തം വാർന്ന് റോഡിൽ കിടന്ന അനിലിനെ മ്യൂസിയം പൊലീസ് എത്തി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും തലയിലും ശരീരത്തിലും ഏറ്റ മാരക മുറിവുകൾ കാരണം ജീവൻ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട അനിലിനെതിരെ ആറോളം കേസുകളുണ്ട്. പ്രതിയായ ജീവൻ മുൻപ് രണ്ടുതവണ കാപ്പ നിയമപ്രകാരം തടവുശിക്ഷ അനുഭവിച്ച ആളാണ്.

സിറ്റി പൊലീസിന്റെ സമൂഹ്യവിരുദ്ധരെ പിടികൂടുന്ന പ്രത്യേക ഡ്രൈവിന്റെ ഭാഗമായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജീവനെ പൊലീസ് പിടികൂടി കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. ശനിയാഴ്ച്ചയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ജീവന് വേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ പ്രതിയുടെ ഫോട്ടോ ജില്ലയിലെയും അയൽ ജില്ലകളിലെയും പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറികഴിഞ്ഞു.

റയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് പോലുള്ള സ്ഥലങ്ങളിൽ പൊലിസ് നിരീക്ഷണം നടത്തുന്നുണ്ട്. ഇയാളുടെ മൊബൈൽ ടവർ ലേക്കേഷൻ വഴി കണ്ടെത്താനുള്ള ശ്രമവും നടന്നുവരികയാണെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു.  ജീവനെ പിടികൂടാൻ മൂന്ന് അസിസ്റ്റന്റ് കമീഷണർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിൽ നടത്തുന്നത്. ജീവന്റെ വീട്ടിലും ഇയാളുമായി ബന്ധമുള്ളവരുടെ വീടുകളിലും പൊലീസ് തെരച്ചിൽ നടത്തി വരികയാണ്.

click me!