
കോട്ടയം: കോട്ടയത്തെ ആകാശപാത വിഷയത്തിൽ രാഷ്ട്രീയപോര് കടുക്കുന്നു. ആകാശപാതയുടെ പണി തുടരണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉപവാസ സമരം നടത്തി. തലതിരിഞ്ഞ പദ്ധതി പൊളിച്ചു നീക്കണമെന്ന ആവശ്യവുമായി സിപിഎം പ്രതിഷേധ മാർച്ചും നടത്തി. ഒരിടവേളയ്ക്കുശേഷം വീണ്ടും കോട്ടയം പട്ടണത്തിലെ ആകാശപാത ചർച്ചയാവുകയാണ്. ജൂൺ 26ന് നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ പാത പുതുക്കി പണിയണമെന്ന് ആവശ്യപ്പെടുകയും സംസ്ഥാന സർക്കാർ അതിനെ എതിർക്കുകയും ചെയ്തതോടെയാണ് പ്രത്യക്ഷ സമരങ്ങൾ തുടങ്ങിയത്. ആകാശപാത പൊളിക്കണം എന്ന് സർക്കാർ നിലപാട് പ്രഖ്യാപിച്ചതോടെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ സമരം നടത്താൻ തീരുമാനിച്ചത്.
കോൺഗ്രസ് പ്രവർത്തകരും തിരുവഞ്ചൂർ രാധാകൃഷ്ണനൊപ്പം ഉപവാസ സമരത്തിന് ഇരുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ ഉപവാസ സമരത്തിന് എത്തി. ഉപവാസ സമരം തീരുന്നതിനു മുൻപേ ആകാശപാതയിലേക്ക് സിപിഎം ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. ഭൂമി ഏറ്റെടുക്കൽ പോലും പൂർത്തിയാക്കാതെയാണ് പാതയുടെ നിർമ്മാണം എന്ന് ആരോപിച്ചായിരുന്നു എൽഡിഎഫിന്റെ സമരം. വിവാദങ്ങളും സമരങ്ങളും തുടരുമ്പോൾ ആകാശപാതയിൽ എന്ന് തീരുമാനം ഉണ്ടാകുമെന്ന് കാത്തിരിക്കുകയാണ് കോട്ടയത്തുകാർ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam