'ഭാര്യയെ നോക്കി': കെഎസ്ഇബി ഓഫീസിൽ കയറി ലൈൻമാനെ മർദ്ദിച്ചു, മൂന്ന് പേർ അറസ്റ്റിൽ

By Web TeamFirst Published May 20, 2020, 10:01 PM IST
Highlights

ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് താനൂർ കെ എസ് ഇ ബി ഓഫീസിൽ അതിക്രമിച്ചു കയറിയ സംഘം ലൈൻമാനെ മര്‍ദ്ദിച്ചത്.

താനൂർ: കെഎസ്ഇബി ജീവനക്കാരന്റെ ജോലി തടസ്സപ്പെടുത്തി സെക്ഷൻ ഓഫീസിൽ കയറി ലൈൻമാനെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ചാപ്പപ്പടി സ്വദേശികളായ പൗറകത്ത് എറമുള്ളാന്റെ മകൻ ഉനൈസ് മോൻ(20), കൊറുവന്റെ പുരക്കൽ ഹൈദ്രോസ്‌ കുട്ടിയുടെ മകൻ റാഫി (37), കാച്ചിന്റെ പുരക്കൽ ഹനീഫയുടെ മകൻ നസറുദ്ദീൻ (24) എന്നിവരാണ് അറസ്റ്റിലായത്. ചാപ്പപ്പടിയിൽ ജോലി ചെയ്തു കൊണ്ടിരിക്കെ യുവാക്കളിൽ ഒരാളുടെ ഭാര്യയെ നോക്കി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. 

ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ താനൂർ കെ എസ് ഇ ബി ഓഫീസിൽ അതിക്രമിച്ചു കയറിയ സംഘം ലൈൻമാനാനായ ഷിബുവിനെ ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആക്രമണത്തിൽ ചെവിക്കും മുഖത്തും പരിക്കേറ്റു. ഇതോടെ ജീവനക്കാർ പ്രതികളെ പിടിച്ചു ഓഫീസിനകത്ത് പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്  സ്ഥലത്തെത്തിയ എസ് ഐ നവീൻ ഷാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തു. കെ എസ് ഇ ബി താനൂർ സെക്ഷൻ സബ് എഞ്ചിനീയർ അബ്ദുൾ റസാഖിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പ്രതികളെ ബുധനാഴ്ച പരപ്പനങ്ങാടി ജെ എഫ് എം സി കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു.
 

click me!