ഒരു ബേക്കറി ഉടമക്ക് സംശയം തോന്നി, അഭിനയം ഏശിയില്ല, പിന്നാലെ ഒറിജിനൽ ജിഎഎസ്ടി ഉദ്യോഗസ്ഥരെത്തി; 84 ലക്ഷം തട്ടിയ വ്യാജന്മാർ പിടിയിൽ

Published : Jan 10, 2026, 12:04 PM IST
Fake GST officer

Synopsis

കോഴഞ്ചേരിയിലെ ഒരു ബേക്കറിയിൽ എത്തിയ ബിജോ മാത്യു ജി.എസ്.ടി ഉദ്യോഗസ്ഥനാണെന്ന് പരിചയ പ്പെടുത്തിയപ്പോള്‍ ബേക്കറി ഉടമയ്ക്ക് സംശയം തോന്നി. ബേക്കറി ഉടമ ജി.എസ്.ടി വകുപ്പിലെ ഇന്റലിജന്‍സ് ഡപ്യൂട്ടി കമ്മീഷണറെ വിവരം അറിയിച്ചു.

പത്തനംതിട്ട: ജി.എസ്.ടി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് സംസ്ഥാവ്യാപകമായി വന്‍ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കൈക്കലാക്കിയ സംഘം പിടിയില്‍. കൊഴഞ്ചേരി ബിജോ ഭവനില്‍ ബിജോ മാത്യു (35), തിരുവനന്തപുരം ചെമ്പഴന്തി ജലജാ ലൈനില്‍ ശ്രീഹരി വീട്ടില്‍ താമസിക്കുന്ന ഇമ്മാനുവല്‍ ആര്‍ എ(42), തിരുവനന്തപുരം ശ്രീമൂലം റോഡില്‍ കൊടാക്കേരില്‍ വീട്ടില്‍ ഡെന്നിസ് ജേക്കബ് (51) എന്നിവരാണ് പിടിയിലായത്. ജി എസ് ടി വകുപ്പ് റെയ്ഡ്‌ നടത്തിയതും ലൈസന്‍സ് റദ്ദായതുമായ സ്ഥാപനങ്ങളില്‍ ജി.എസ്.ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പിഴയും കുടിശ്ശികയും തവണകളാക്കി നല്‍കാമെന്നും കുറവ് ചെയ്തു നല്‍കാമെന്നും പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയത്. ജില്ലാ പൊലിസ് മേധാവി ആര്‍ ആനന്ദിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അനീഷ്‌ കെ.ജിയുടെ നേതൃത്വത്തില്‍ ആണ് പ്രതികളെ പിടികൂടിയത്. 84 ലക്ഷം രൂപയോളം പലരിൽ നിന്നായി ഇവർ തട്ടിയെടുത്തിട്ടുണ്ട്.

ജി.എസ്.ടി വകുപ്പില്‍ നിന്നും റെയ്ഡ്‌ നടത്തിയതും ലൈസന്‍സ് റദ്ദായതുമായ സ്ഥാപനങ്ങളെക്കുറിച്ച് വിവരശേഖരണം നടത്തിയതിനു ശേഷം അവരുടെ സ്ഥാപനങ്ങളില്‍ യാദൃശ്ചികമായി എത്തുന്നതുപോലെ അഭിനയിച്ചായിരുന്നു തട്ടിപ്പ്. ആദ്യം ബിജോ മാത്യുവാണ് സ്ഥാപനങ്ങളിലെത്തുക. ജി.എസ്.ടിയിലെ ഇന്റലിജന്‍സ് സ്ക്വാഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് താന്‍ എന്നും ജി.എസ്.ടി, ഇഡി , ഇന്‍കം ടാക്സ് എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ തനിക്കു സഹായിക്കാന്‍ സാധിക്കും എന്നും പറഞ്ഞ് ഉടമകളുടെ അവരുടെ വിശ്വാസം നേടുന്ന ബിജോ മാത്യു പിന്നീട് ജി.എസ്.ടി ഇന്റലിജന്‍സിന്റെ ചാര്‍ജ് ഉള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞ് ഇമ്മാനുവലിനേയും, ജി എസ് ടി കമ്മീഷണറായി ഡെന്നിസ് ജേക്കബ് എന്നയാളെയും അവതരിപ്പിക്കും. തുടര്‍ന്ന് സ്ഥാപന ഉടമകളില്‍ നിന്നും പണം കൈക്കലാക്കുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

ഇത്തരത്തില്‍ കോഴഞ്ചേരിയിലെ ഒരു ബേക്കറിയിൽ എത്തിയ ബിജോ മാത്യു ജി.എസ്.ടി ഉദ്യോഗസ്ഥനാണെന്ന് പരിചയ പ്പെടുത്തിയപ്പോള്‍ ബേക്കറി ഉടമയ്ക്ക് സംശയം തോന്നി. ബേക്കറി ഉടമ ജി.എസ്.ടി വകുപ്പിലെ ഇന്റലിജന്‍സ് ഡപ്യൂട്ടി കമ്മീഷണറെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തെപ്പറ്റി വിവരം ലഭിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരെയും നേതാക്കളെയും പരിചയമുണ്ടെന്നു പറഞ്ഞും അവരോടോത്തുള്ള ചിത്രങ്ങള്‍ കാണിച്ചുമാണ് പ്രതികൾ ആളുകളില്‍ വിശ്വാസം ജനിപ്പിക്കുന്നത്. ഇത്തരത്തില്‍ പത്തനംതിട്ട ജില്ലയില്‍ മറ്റൊരു ബേക്കറി ഉടമയില്‍ നിന്നും 15 ലക്ഷം രൂപയും ആശുപത്രി ഉടമയില്‍ നിന്നും 17 ലക്ഷം രൂപയും , മറ്റൊരു ബേക്കറി -ക്വാറി ഉടമയില്‍ നിന്നും 5 ലക്ഷവും , ഫര്‍ണീച്ചര്‍ കട ഉടമയില്‍ നിന്നും 4 ലക്ഷവും, കഞ്ഞങ്ങാടുള്ള ഒരു കമ്പനിയില്‍നിന്നും 45 ലക്ഷവും ഈ സംഘം തട്ടിയെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി.

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ആളുകളെ ഈ സംഘം കബളിപ്പിച്ചതായി അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ബിജോ മാത്യുവിനെതിരെ 2018ല്‍ ആള്‍മാറാട്ടം നടത്തി പണം തട്ടാല്‍ ശ്രമിച്ചതിന് ആറന്മുള പോലിസ് സ്റ്റേഷനിലും , വിദേശത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞു പണം തട്ടിച്ചതിന് അടൂര്‍ പൊലീസ് സ്റ്റേഷനിലും കേസുണ്ട്. . പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ അരുണ്‍കുമാര്‍ കെ ആര്‍, അസിസ്റ്റന്റ്‌ സബ് ഇന്‍സ്പെക്ടര്‍ സന്തോഷ്‌ എന്‍. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ റോബി ഐസക് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. കൂടുതല്‍ ആളുകള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലപ്പുറത്ത് താലപ്പൊലി മഹോത്സവത്തിനിടെ കൂട്ടയടി, നാടൻ പാട്ടിനിടെ യുവാക്കൾ തമ്മിൽ സംഘർഷം
ബസുകൾ പാതിവഴിയിൽ ആളുകളെ ഇറക്കിപോവേണ്ട അവസ്ഥ, പട്ടാമ്പിയിൽ ഗതാഗതകുരുക്ക് രൂക്ഷം