
തിരുവനന്തപുരം: നഗരത്തിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയി കെട്ടിയിട്ട് മർദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കഴിഞ്ഞ തിങ്കളാഴ്ച അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് നിന്ന് മെഡിക്കൽ കോളേജ് സ്റ്റാഫ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന അബ്ദുള്ളയെ(22) തട്ടിക്കൊണ്ടുപോയ കേസിലാണ് മരുതൂർ സ്വദേശി ജ്യോതിഷ്, നാലാഞ്ചിറ സ്വദേശി ജിതിൻ രാജ്, മുട്ടട സ്വദേശി സച്ചുലാൽ എന്നിവരെ മണ്ണന്തല പൊലീസ് പിടികൂടിയത്.
പ്രതികൾ കഞ്ചാവ് വില്പന നടത്തുന്നത് എക്സൈസിനെ അറിയിച്ചതിലുള്ള വിരോധ ത്തിലാണ് ആറംഗസംഘം അബ്ദുള്ളയെ തട്ടിക്കൊണ്ടു പോയത്. എയർപോർട്ടിലെ ജീവനക്കാരനായ അബ്ദുള്ളയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി തട്ടി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് നാലാഞ്ചിറ കുരിശടി ജംഗ്ഷന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുവന്ന് ക്രൂരമായി മർദിച്ചെന്നാണ് പരാതി.
സംഘം ചേർന്ന് മർദിക്കുന്നതിനൊപ്പം കാലിൽ വാളുകൊണ്ട് വെട്ടിയും തലമൊട്ടയടിച്ചും ഉപദ്രവിച്ച സംഘം നഗരത്തിലൂടെ വാഹനത്തിൽ കൊണ്ടുപോയി പലയിടങ്ങളിൽ വെച്ച് മർദ്ദിച്ച് രാത്രിയോടെ ചാലക്കുഴി റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. രാത്രി വൈകിയും മകൻ വീട്ടിൽ എത്താതായതോടെ അമ്മ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് ഇയാളെ കണ്ടെത്തിയത്.
ഗുരുതരമായി പരിക്കേറ്റ അബ്ദുള്ള രണ്ടുദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അറസ്റ്റിലായവരെല്ലാം നിരവധി അടിപിടിക്കേസുകളിൽ പ്രതികളാണ്. കൂട്ടു പ്രതികളെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് മണ്ണന്തല പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam