
കൊച്ചി: എറണാകുളത്ത് മൂന്ന് യുവാക്കളെ രാസലഹരിയുമായി പൊലീസ് പിടികൂടി. കാസർകോട് സ്വദേശികളായ മൂന്ന് യുവാക്കളാണ് എംഡിഎംഎയുമായി പിടിയിലായത്. കാസർകോട് ചെങ്കള റഹ്മത്ത് നഗർ പച്ചക്കാട് വീട്ടിൽ മുഹമ്മദ് അനസ് (21), പൊയ്‌നാച്ചി ചെറുകര വീട്ടിൽ ഖലീൽ ബദ്രുദ്ദീൻ (27), നുള്ളിപ്പാടി പിഎംഎസ് റോഡ് റിഫായ് മൻസിലിൽ എൻഎച്ച് റാബിയത്ത് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 15.91 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എറണാകുളം നോർത്ത് ചിറ്റൂർ റോഡ് അയ്യപ്പൻകാവ് പരിസരത്ത് നിന്നാണ് പ്രതികൾ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെഎ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.