
മലപ്പുറം: വേട്ടയാടി പിടിച്ച കൂരമാനുമായി മൂന്നു പേർ പിടിയിൽ. മലപ്പുറം നിലമ്പൂർ അകമ്പാടത്താണ് മൂന്നുപേർ വനം വകുപ്പിൻ്റെ പിടിയിലായത്. മമ്പാട് സ്വദേശികളായ സക്കീർ ഹുസൈൻ, മുനീർ, ചാലിയാർ സ്വദേശി അജ്മൽ എന്നിവരെയാണ് വനംവകുപ്പ് പിടി കൂടിയത്. ഇവരിൽ നിന്ന് വേട്ടക്ക് ഉപയോഗിച്ച ലൈസൻസ് ഇല്ലാത്ത നാടൻ തോക്കും പിടിച്ചെടുത്തു.
വന്യമൃഗത്തെ വേട്ടയാടിയ മറ്റൊരു സംഭവം തൃശൂരിൽ നിന്നായിരുന്നു. രണ്ടുദിവസം മുമ്പാണ് ആനയെ കൊന്നുകൂഴിച്ചുമൂടിയത്. കൊമ്പ് മുറിച്ചെടുക്കുകയും ചെയ്തിരുന്നു. മുഖ്യ പ്രതി റോയി ഉള്‍പ്പടെ ആറുപേര്‍ ചേര്‍ന്നാണ് ആനയെ മറവു ചെയ്തതെന്നും അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചിരുന്നു. വാഴക്കോട് മണിയഞ്ചിറ റോയിയുടെ റബ്ബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. സംഭവത്തില്‍ വനംവകുപ്പ് സമഗ്രാന്വേഷണം ആരംഭിച്ചിരുന്നു.
പന്നിക്ക് കെണിവച്ചതില്‍ ആന കുടുങ്ങിയോ, ആനയെ കൊന്നതാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് വനംവകുപ്പ് ആദ്യം ശ്രമിച്ചത്. കാട്ടാനയെ കൊന്നത് വൈദ്യുതി ഷോക്കടിപ്പിച്ചെന്നാണ് സൂചന. ഇതിന് ഉപയോഗിച്ച കമ്പികള്‍ കണ്ടെത്തിയിട്ടുണ്ട്. ജഡം കുഴിച്ചുമൂടാനെത്തുകയും ഒരു കൊമ്പിന്റെ പകുതി മുറിച്ചുകടത്തി വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കോടനാട് വനംവകുപ്പ് അധികൃതര്‍ പിടികൂടിയ പട്ടിമറ്റം താമരച്ചാലില്‍ അഖിലിനെ ചോദ്യംചെയ്തപ്പോള്‍ ഇക്കാര്യം സമ്മതിച്ചതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. കാട്ടാനയെ കൊന്ന് കൊമ്പെടുത്ത സംഘത്തില്‍ ആറ് പേരുണ്ടായിരുന്നതായി അഖില്‍ മൊഴി നല്‍കിയിട്ടുണ്ട്. രണ്ട് പേരുടെ പേരുവിവരങ്ങളും അഖില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.